Breaking News

നെഞ്ചിന് താഴേക്ക് ചലനശേഷി നഷ്ടപെട്ട് പതിമൂന്നു വർഷമായി വീൽ ചെയറിലായായ പള്ളിക്കര സ്വദേശിയായ യുവാവ് സ്വയം കാറോടിച്ച്‌ കാശ്മീരിലേക്ക്


കാഞ്ഞങ്ങാട്: പതിമൂന്നു വര്‍ഷമായി നട്ടെല്ലിന് ട്യൂമര്‍ ബാധിച്ച്‌ നെഞ്ചിന് താഴേക്ക് ചലനശേഷിയും സ്പര്‍ശനശേഷിയും നഷ്ടപെട്ട് വീല്‍ ചെയറിലാണെങ്കിലും സ്വയം കാറോടിച്ച്‌ കാശ്മീരിലേക്ക് തിരിക്കുകയാണ് രാഗേഷ് .ശരീരത്തിന്റെ ഭൂരിഭാഗവും ചലനമില്ലാത്ത അവസ്ഥയിലും ഹിമാലയത്തോളം ഉയര്‍ന്ന ആത്മവിശ്വാസം കൊണ്ട് ജീവിതത്തെ തിരിച്ചുപിടിക്കുകയാണ് ഈ പഴയ ബാര്‍ബര്‍ഷോപ്പ് തൊഴിലാളി.


ഗള്‍ഫില്‍ ജോലി ചെയ്തുവരികയായിരുന്നു പള്ളിക്കര മൈലാട്ടി കൂട്ടപ്പുന്ന സ്വദേശിയായ ഈ 37കാരന്‍. പുറംവേദനയും നെഞ്ചിന് താഴെ വേദനയും വന്നതോടെയാണ് രാഗേഷിന്റെ ജീവിതത്തിലെ പ്രതിസന്ധിയുടെ തുടക്കം. ഒരു ദിവസം രാവിലെ കിടന്നടുത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ല. നാട്ടില്‍ പോയി ചികിത്സിക്കുന്നതാണ് നല്ലതെന്നായിരുന്നു യു.എ.ഇയിലെ ഡോക്ടര്‍മാരുടെ ഉപദേശം. നേരെ വിമാനത്തില്‍ മംഗളൂരുവിലിറങ്ങി നേരെ ആശുപത്രിയിലേക്ക്. നട്ടെല്ലിനാണ് പ്രശ്നമെന്ന് കണ്ടെത്തിയപ്പോഴേക്കും ശരീരം തളര്‍ന്നുതുടങ്ങിയിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഈ സമയത്ത് ഇരു കാലുകളും തളര്‍ന്നു. .


സുഷുമ്നാനാഡിക്കുണ്ടായ ക്ഷതം നെഞ്ചിനുതാഴെ തളര്‍ത്തിയപ്പോള്‍ കിടപ്പിലാകുമെന്ന് കരുതിയ നിമിഷങ്ങള്‍. മനക്കരുത്തും ലക്ഷ്യവും ഒടുവില്‍ ജീവിതത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു. മലപ്പുറത്തുള്ള മുസ്തഫയാണ് ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തില്‍ കാറുകള്‍ മോഡിഫൈ ചെയ്യുന്ന കാര്യം അറിയിച്ചത്.


നോര്‍ക്കയുടെ പ്രവാസി ക്ഷേമ പദ്ധതിയിലൂടെ അരലക്ഷംരൂപ കിട്ടിയപ്പോള്‍ വാങ്ങിയ സ്കൂട്ടി മുച്ചക്ര മോഡലിലാക്കി. കാറിന്റെ സീറ്റും പിടിപ്പിച്ച്‌ അത് സീറ്റ് ബെല്‍റ്റ് ഇട്ട് ഇരിക്കാന്‍ പറ്റുന്ന തരത്തിലാക്കി പുറത്തിറങ്ങാന്‍ തുടങ്ങി.


അതോടെ നാട്ടുവഴികളിലൂടെ സഞ്ചരിച്ച്‌ ലോട്ടറി ടിക്കറ്റ് വില്‍പ്പനയിലൂടെ ഉപജീവനത്തിനുള്ള വഴി കണ്ടെത്തി. 2018ല്‍ നാനോ കാര്‍ രാഗേഷ് സ്വന്തമാക്കി. ആള്‍ കേരള വീല്‍ചെയര്‍ റൈറ്റ് ഫെഡറേഷന്റെ (എ.കെ.ഡബ്ല്യു.ആര്‍.എഫ്.) നിര്‍ദ്ദേശം സ്വീകരിച്ച്‌ കാറില്‍ ചില മാറ്റങ്ങള്‍ വരുത്തി. കൈകൊണ്ട് ബ്രേക്കും ക്ലച്ചും ആക്സിലേറ്ററും നിയന്ത്രിക്കുന്ന പ്രത്യേക സംവിധാനം ഒരുക്കുകയാണ് ചെയ്തത്. സുഹൃത്തുക്കളുടെ സഹായത്തോടെ രാഗേഷ് പതിയെ കാറോടിക്കാന്‍ തുടങ്ങി. താമസിയാതെ ഭിന്നശേഷിക്കാര്‍ക്കുള്ള ആനുകൂല്യത്തോടെ ഡ്രൈവിംഗ് ലൈസന്‍സും നേടി. ലോട്ടറി വില്‍പ്പന അതോടെ കാറിലാക്കി.


ലഡാക്ക് യാത്രയ്ക്ക് രണ്ടുലക്ഷത്തോളം രൂപ ചെലവുവരുമെന്നാണ് രാഗേഷ് പറയുന്നത്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ രാഗേഷ് യാത്രയ്ക്ക് സഹായം തേടിയിട്ടുണ്ട്. ആരെങ്കിലും സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്നും രാഗേഷ് പറയുന്നു. ബന്ധുക്കളായ രണ്ടുപേരുടെ സഹായമൊക്കെ ഉറപ്പാക്കിയിട്ടുണ്ട്.ഒരുമാസത്തെ യാത്ര ഒക്ടോബര്‍ 10ന് പൊയിനാച്ചിയില്‍ മിലിട്ടറി കമാന്‍ഡര്‍ ആയിരുന്ന പി.വി.മനേഷ് ഫ്ളാഗ് ഓഫ് ചെയ്യും. കെ.കോരന്റെയും കെ.വി.രോഹിണിയുടെയും മകനാണ് രാഗേഷ്.

No comments