Breaking News

മലയോര ഗ്രന്ഥശാല പ്രവർത്തകരുടെ ഏറെനാളത്തെ സ്വപ്‌നം യാഥാർഥ്യമായി ; പരപ്പയിൽ വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിലിന് ആസ്ഥാന മന്ദിരമായി

വെള്ളരിക്കുണ്ട് : മലയോരത്തെ ഗ്രന്ഥശാല പ്രവർത്തകരുടെ നാളുകളായുള്ള സ്വപ്‌നം യാഥാർഥ്യമായി. പരപ്പയിൽ വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിലിന് ആസ്ഥാന മന്ദിരമായി. സംസ്ഥാന ലൈബ്രറി കൗൺസിൽ അനുവദിച്ച 25 ലക്ഷം ഉൾപ്പെടെ 29 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സംസ്ഥാനത്ത്‌ സ്വന്തമായുള്ള രണ്ടാമത്തെ താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസ് പൂർത്തിയാക്കിയത്. 2015 ഏപ്രിൽ ഒമ്പതിനാണ് വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ നിലവിൽ വന്നത്. കിഴക്കൻ മലയോര മേഖലകളിലെ ഗ്രന്ഥശാലാ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തും ദിശാബോധവും നൽകാൻ സാധിച്ചു. പ്രഥമ പ്രസിഡന്റ് പി കെ മോഹനൻ, സെക്രട്ടറി എ ആർ സോമൻ എന്നിവരുടെ നേതൃത്വത്തിലുള്ള കൗൺസിൽ ചുമതലയേൽക്കുമ്പോൾ ഏഴ്‌ പഞ്ചായത്തുകളിലായി 50 ഗ്രന്ഥശാലകളാണ് ഉണ്ടായിരുന്നത്. നിലവിൽ 71 ഗ്രന്ഥശാലകളുണ്ട്‌. ജോസ് സെബ്സാറ്റ്യൻ പ്രസിഡന്റും എ ആർ സോമൻ സെക്രട്ടറിയുമാണ്‌.

ഭൂമി സൗജന്യമായി ലഭിച്ചു
പരപ്പയിലെ പരേതരായ കരിമറ്റം വക്കച്ചനും ത്രേസ്യാമ്മയും 70 വർഷം മുമ്പ്‌ പരപ്പ ടൗണിൽ നേതാജി വായനശാലയ്ക്ക് നീക്കിവെച്ച മൂന്ന്‌ സെന്റ്‌ സ്ഥലത്താണ്‌ മൂന്ന്‌ നില കെട്ടിടം നിർമിച്ചത്‌. ഇവരുടെ മകൻ പരേതനായ ജോസഫിന്റെ ഭാര്യ സീലിയാമ്മയും മക്കളും സൗജന്യമായി ഭൂമി ലൈബ്രറി കൗൺസിലിന് രജിസ്‌റ്റർ ചെയ്‌ത്‌ നൽകി. മന്ദിരത്തിൽ വിശാലമായ ലൈബ്രറി, കോൺഫറൻസ്‌ ഹാൾ, വായനശാല, താലൂക്കൂ ലൈബ്രറി കൗൺസിൽ ഓഫീസ്, വായനശാല, ശുചിമുറി, ഫർണിച്ചറുകൾ എന്നിവയുണ്ട്‌.


No comments