Breaking News

ചെറുവത്തൂർ–-ചീമേനി– ഭീമനടി റോഡുപണി നാളെ തുടങ്ങും ആദ്യഘട്ടം എന്ന നിലയിൽ ഭീമനടി ചിറ്റാരിക്കൽ ഭാഗത്തെ പ്രവൃത്തികളാണ് പുനരാരംഭിക്കുക


വെള്ളരിക്കുണ്ട് : ചെറുവത്തൂർ–-ചീമേനി ഐടി പാർക്ക് –-നല്ലമ്പുഴ പാലാവയൽ ചിറ്റാരിക്കാൽ–-ഭീമനടി റോഡ് പ്രവൃത്തി ബുധൻ പുനരാരംഭിക്കാൻ തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ ധാരണയായി. എം രാജഗോപാലൻ എംഎൽഎയുടെ സാന്നിധ്യത്തിൽ കിഫ്‌ബി ഉന്നത ഉദ്യോഗസ്ഥർ, കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനിയർ ഇൻ ചാർജ് വിനോദ് കുമാർ, കരാർ കമ്പനിയായ ആർഎസ്ഡിപിസിഎൽ എംഡി ശങ്കർ എന്നിവരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
നവംബർ എട്ടിന് എംഎല്‍എയുടെ നേതൃത്വത്തില്‍ വാട്ടർ അതോറിറ്റി, കെആർഎഫ്ബി ഉദ്യോഗസ്ഥരുടെയും ഒക്ടോബർ അവസാനം കെഎസ്ഇബി, കെആർഎഫ്ബി ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് യൂട്ടിലിറ്റി ഷിഫ്റ്റിങ് സമയബന്ധിതമായി പൂർത്തീകരിക്കാൻ ഉണ്ടാക്കിയ ക്രമീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഭീമനടി ചിറ്റാരിക്കാല്‍ ഭാഗത്തെ കെഎസ്ഇബി, വാട്ടർഅതോറിറ്റി യൂട്ടിലിറ്റി ഷിഫ്റ്റിങ് പ്രവൃത്തി ടെൻഡർ ചെയ്യുകയും മറ്റ് റീച്ചുകളിലെ പ്രവൃത്തികള്‍ നിശ്ചയിച്ച പ്രകാരം പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രവൃത്തി തുടങ്ങാനുള്ള കർശന നിർദ്ദേശം കരാർ കമ്പനിക്ക് നല്‍കിയത്. ആദ്യഘട്ടം എന്ന നിലയിൽ ഭീമനടി ചിറ്റാരിക്കൽ ഭാഗത്തെ പ്രവൃത്തികളാണ് പുനരാരംഭിക്കുക. കെഎസ്ഇബി, വാട്ടർ അതോറിറ്റി യൂട്ടിലിറ്റി ഷിഫ്റ്റിങ് പൂർത്തീകരിക്കുന്ന മുറക്ക് മറ്റുള്ള ഭാഗങ്ങളിലെ പ്രവൃത്തിയും പൂർത്തീകരിക്കും


No comments