Breaking News

മലയോരത്ത് കഞ്ചാവ് മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു... പുങ്ങംചാലിൽ മാധ്യമപ്രവർത്തകന്റെ വീട്ടിൽ കയറി വധഭീഷണി


വെള്ളരിക്കുണ്ട് : മലയോരത്ത് കഞ്ചാവ് മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നതിൻ്റെ തെളിവാണ് നിരവധി യുവാക്കളുടെ പേരിൽ പോലീസ് കേസെടുക്കുന്നത്. കഞ്ചാവിന് പുറമെ മാരക ലഹരി വസ്തുക്കളായ എം.ഡി.എം.എ പോലുള്ള മയക്കുമരുന്ന് കൈവശ്യം വച്ചതിന് നിരവധി യുവാക്കളുടെ പേരിൽ ഇതിനോടകം വെള്ളരിക്കുണ്ട് ചിറ്റാരിക്കാൽ സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് ലഹരിയിൽ  അഴിഞ്ഞാടുന്നവർ പൊതുജനങ്ങളുടെ സ്വൗര്യജീവിതത്തിന് ഭീഷണിയായി മാറുകയാണ്.

കഞ്ചാവ് മാഫിയകളെ കുറിച്ചുള്ള വാർത്ത നൽകുന്നതിൻ്റെ വൈരാഗ്യത്തിൽ കഴിഞ്ഞ ദിവസം രാത്രി മാധ്യമ പ്രവർത്തകനായ സുധീഷ് പുങ്ങംചാലിന്റെ വീട്ടിൽ അതിക്രമിച്ചു കടക്കുകയും വധ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. സുധീഷിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചീർക്കയത്തെ അഖിലിന്റെ പേരിൽ വിവിധ വകുപ്പുകൾ പ്രകാരം ചിറ്റാരിക്കൽ പോലീസ് കേസെടുത്തു.


ഞായറാഴ്ച  രാത്രി പത്തു മണിക്കാണ് നിരവധി കേസുകളിൽ പ്രതിയായ അഖിൽ  സുധീഷ് പുങ്ങംചാലിന്റെ വീട്ടിൽ അതിക്രമിച്ചു കടക്കുകയും വധ ഭീഷണി മുഴക്കുകയും ചെയ്തത്. ഈ  സമയം സുധീഷിന്റെ വീട്ടിൽ 60 വയസ് കഴിഞ്ഞ പിതാവ് മാത്രമാണ് ഉണ്ടായിരുന്നത്. വാതിൽ തുറന്ന ഇദ്ദേഹത്തോട് സുധീഷിനെതിരെ വധഭീഷണി മുഴക്കി.

സംഭവം അറിഞ്ഞ സുധീഷ് ഈ വിവരം ചിറ്റാരിക്കൽ പോലീസിൽ അറിയിക്കുകയായിരുന്നു.

എം. ഡി. എം. എ. പോലുള്ള മയക്കു മരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് പ്രതി, ഇതിനെതിരെ നിരന്തരം വാർത്തകൾ നൽകുന്നതിലുള്ള വൈരാഗ്യം മൂലമാണ് അഖിൽ വീട്ടിൽ അതിക്രമിച്ചു കടന്നതെന്നും വധഭീഷണി മുഴക്കുകയും ചെയ്തെന്ന്‌ കാണിച്ചു കൊണ്ട് സുധീഷ് പുങ്ങംചാൽ ചിറ്റാരിക്കൽ പോലീസിൽ തിങ്കളാഴ്ച രാവിലെ രേഖാമൂലം പരാതിനൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ ചിറ്റാരിക്കൽ ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ നടത്തിയ പ്രാഥമികഅന്വേഷണത്തിൽ തന്നെ അഖിലിന്റെ പേരിൽ വിവിധവകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

അഖിലിന്റെ പേരിൽ നിലവിൽ ഉള്ള മറ്റു കേസുകൾ കൂടി നോക്കി കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി പത്ര പ്രവർത്തനം നടത്താൻ പോലീസിന്റെ ഭാഗത്ത്‌ നിന്നും എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്നും രഞ്ജിത്ത് രവീന്ദ്രൻ പറഞ്ഞു.

വെള്ളരിക്കുണ്ട് പ്രസ്ഫോറം ജോയിന്റ് സെക്രട്ടറി കൂടിയായ സുധീഷിന് നേരെ ഉണ്ടായ സംഭവത്തിൽ പ്രസ് ഫോറം പ്രതിഷേധിച്ചു.

സംഭവം നീതീകരിക്കാൻ കഴിയില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് ഡാജി ഓടയ്ക്കൽ അധ്യക്ഷതവഹിച്ചു. കേരള റിപ്പോർട്ടേഴ്സ് ആൻ്റ് മീഡിയപേഴ്സൺസ് യൂണിയൻ ജില്ലാ കമ്മറ്റിയും മാധ്യമപ്രവർത്തകൻ്റെ വീട്ടിൽ കയറിയുള്ള വധഭീഷണിക്കെതിരെ പ്രതിഷേധിച്ചു.

No comments