Breaking News

പെരിയങ്ങാനത്ത് യുവാക്കളുടെ ബൈക്കും കാട് വെട്ട് യന്ത്രങ്ങളും സാമുഹ്യദ്രോഹികൾ തീയിട്ട് നശിപ്പിച്ചു പുതിയ കാട് വെട്ട് യന്ത്രം സമ്മാനിച്ച് ഫാസ്ക് പെരിയങ്ങാനം


ബിരിക്കുളം: പെരിയങ്ങാനത്തെ കാട് വെട്ട് തൊഴിലാളികളായ യുവാക്കളുടെ ജീവനോപാധികൾ തീവെച്ച് നശിപ്പിച്ച നിലയിൽ. സാമൂഹ്യ പ്രവർത്തകനായ പി.രതീഷിൻ്റെ ബൈക്കും 2 കാട് വെട്ട് യന്ത്രങ്ങളും അരുണിൻ്റെ ഒരു കാടുവെട്ട് യന്ത്രവുമാണ് സാമൂഹ്യ ദ്രോഹികൾ രാത്രിയുടെ മറവിൽ തീയിട്ട് നശിപ്പിച്ചത്. വീട്ടിലെ ഷെഡിലായിരുന്നു  ബൈക്കും കാട് വെട്ട് യന്ത്രങ്ങളും സൂക്ഷിച്ചിരുന്നത്. ഇന്നലെ രാത്രി പെരിയങ്ങാനത്ത് പുതുവർഷാഘോഷ പരിപാടി നടക്കുന്നതിനാൽ വീട്ടിലും പരിസര പ്രദേശങ്ങളിലും ആരും ഇല്ലാത്ത അവസരം മുതലാക്കിയാണ് സാമൂഹ്യ വിരുദ്ധർ തീയിട്ടത്. വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രതീഷിൻ്റെ പരാതിയിൽ നീലേശ്വരം പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തി വരുന്നുണ്ട്. 

വാഹനവും യന്ത്രസാമഗ്രികളും തീവച്ച് നശിപ്പിച്ചതിൽ നാട്ടുകാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി


കാട് വെട്ട് യന്ത്രം സമ്മാനിച്ച് ഫാസ്ക്..

പെരിയങ്ങാനത്ത് ഇന്നലെ സാമൂഹ്യ വിരുദ്ധ കഞ്ചാവ് മാഫിയ സംഘം തീയിട്ടു നശിപ്പിച്ചതു മൂലം ജീവനോപാധി നഷ്ടപ്പെട്ട് പകച്ചു നിന്ന കോയിത്തട്ടയിലെ അരുണിന് ഫാസ്കിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ വാങ്ങിക്കൊടുത്ത കാട് വെട്ട് യന്ത്രം  കൈമാറി. തൊഴിലാളികളുടെ ജീവനോപാധികൾ തീയിട്ടു നശിപ്പിച്ചതിൽ ഫാസ്ക് പെരിയങ്ങാനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സാമൂഹ്യ വിരുദ്ധരെ ഒറ്റപ്പെടുത്തുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും ക്ലബ്ബ് നാട്ടുകാർക്ക് വാഗ്ദാനം ചെയ്തു




No comments