Breaking News

ജില്ലയിലെ പോപ്പുലർ ഫ്രണ്ട്‌ നേതാക്കളുടെ എട്ടിടത്തെ സ്ഥലം കണ്ടുകെട്ടി


കാസർകോട്‌ : പോപ്പുലർ ഫ്രണ്ട്‌ ഹർത്താലിലുണ്ടായ അക്രമങ്ങളിലുണ്ടായ നാശനഷ്ടങ്ങൾക്ക്‌ നഷ്ടപരിഹാരം ഈടാക്കാനുള്ള സ്വത്ത്‌ കണ്ടുകെട്ടൽ നടപടികൾ ജില്ലയിൽ പൂർത്തിയായി. കോടതി നിർദേശപ്രകാരം ജില്ലയിൽ റവന്യൂ റിക്കവറി വിഭാഗം എട്ടിടത്തെ സ്വത്ത്‌ കണ്ടുകെട്ടി.
കാസർകോട്‌ നായന്മാർമൂല പെരുമ്പള പാത്തിന്‌ സമീപത്തെ പൊപ്പുലർ ഫ്രണ്ട്‌ ഓഫീസായി പ്രവർത്തിച്ചിരുന്ന ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്‌റ്റിന്റെ കെട്ടിടമുൾപ്പെടെ 7.48 സെന്റ്‌ സ്ഥലം കണ്ടുകെട്ടി. പോപ്പുലർ ഫ്രണ്ട്‌ നേതാവ്‌ അബ്ദുൾ സലാമായിരന്നു ട്രസ്‌റ്റിന്റെ ചെയർമാൻ. അബ്ദുൾ സലാമിന്റെ പേരിൽ നായന്മാർമൂലയിലുള്ള വീടുൾപ്പെടെ മൂന്ന്‌ സ്ഥലവും കണ്ടുകെട്ടി. ഇതല്ലാം കൂടി 6.07 സെന്റ്‌ സ്ഥലമുണ്ട്‌. പോപ്പുലർ ഫ്രണ്ട്‌ നേതാവ്‌ ആലംപാടി നാൽത്തടുക്കയിലെ ഉമ്മർ ഫാറൂഖിന്റെ നായന്മാർമൂലയിലുള്ളള 3.04 സെന്റ്‌ സ്ഥലവും ഏറ്റെടുത്തു. കാസർകോട്‌ താലൂക്കിൽ മൊത്തം അഞ്ചിടത്തെ സ്വത്താണ്‌ കണ്ടുകെട്ടിയത്‌.
ഹൊസ്‌ദുർഗ്‌ താലൂക്കിൽ രണ്ട്‌ സ്വത്ത്‌ കണ്ടുകെട്ടി. പോപ്പുലർ ഫ്രണ്ട്‌ ജില്ലാ പ്രസിഡന്റായിരുന്ന സി ടി സുലൈമാന്റെ സൗത്ത്‌ തൃക്കരിപ്പൂർ മെട്ടമ്മലിലെ വീടുൾപ്പെടുന്ന 12 സെന്റ്‌ ഭൂമി, ചീമേനി കാക്കടവിലെ നങ്ങാരത്ത്‌ സിറാജുദ്ദീന്റെ 104 ഏക്കർ സ്ഥലം എന്നിവയും കണ്ടുകെട്ടി.
മഞ്ചേശ്വരം താലൂക്കിൽ മീഞ്ച മിയാപദവിലെ മുഹമ്മദലിയുടെ 16 സെന്റും വീടും കണ്ടുകെട്ടി. നടപടിയെടുത്ത റിപ്പോർട്ട്‌ താഹസിൽദാർമാർ റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കലക്ടർ മുഖേന കലക്ടർക്ക്‌ കൈമാറി. റിപ്പോർട്ട്‌ ശനിയാഴ്‌ച വൈകിട്ടോടെ സംസ്ഥാന ലാൻഡ്‌ റവന്യൂ കമീഷണർക്ക് കൈമാറി. ഹൈക്കോടതിയുടെയും സംസ്ഥാന സർക്കാരിന്റെ നിർദേശമനുസരിച്ച്‌ തുടർനടപടിയുണ്ടാകും. കണ്ടുകെട്ടിയ സ്ഥലം പിന്നീട്‌ ലേലം ചെയ്യും. കെട്ടിടങ്ങളിൽ വാടകക്കാരുണ്ടെങ്കിൽ ഇറക്കിവിടാതെയാകും നടപടി. തഹസിൽദാർമാർ, വില്ലേജ്‌ ഓഫീസർമാർ എന്നിവർ സ്വത്ത്‌ കണ്ടുകെട്ടൽ നടപടികൾക്ക്‌ നേതൃത്വം നൽകി.


No comments