Breaking News

'ബാഹുലേയൻ, കല്യാണരാമൻ, ദാസ് ബാബു, ബാബു, സുന്ദരൻ, രാജൻ...'; ഇതെല്ലാം ഒരാളുടെ പേര്, ഉപയോഗിക്കുന്നത് തട്ടിപ്പിന്, പിടിയിലായ മോഷ്ട്ടാവ് റിമാൻഡിൽ



വെള്ളരിക്കുണ്ട്: കാഞ്ഞങ്ങാട് കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. കേരളത്തില്‍ അങ്ങോളമിങ്ങോളം പല പേരുകളില്‍ സ്വയം പരിചയപ്പെടുത്തി മോഷണം നടത്തുന്ന പ്രതിയാണ് പൊലീസ് പിടിയിലായത്. ബാഹുലേയന്‍, കല്യാണരാമന്‍, ദാസ് ബാബു, ബാബു, സുന്ദരന്‍, രാജന്‍, വിജയന്‍ തുടങ്ങിയ പേരുകളിലാണ് ഇയാള്‍ പരിചയപ്പെടുത്തുന്നത്. 58കാരനാണ് പ്രതി. മുളവുകാട് ഹൗസ്, മലമുകള്‍, വട്ടിയൂര്‍കാവ്, തിരുവനന്തപുരം എന്നാണ് ഇയാളുടെ മേല്‍വിലാസമെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വെള്ളരിക്കുണ്ട് പൊലീസ് പരിധിയില്‍ നടന്ന റബര്‍ഷീറ്റ്, അടക്ക മോഷണവുമായി ബന്ധപ്പെട്ട് വെള്ളരിക്കുണ്ട് എസ്‌ഐ എംപി വിജയകുമാര്‍ നടത്തിയ അന്വേഷണത്തിലാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പല പേരുകളില്‍ മോഷണം നടത്തുന്ന പ്രതിയെ പിടിയിലാക്കാനായത്.

സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി 30 മോഷണ കേസുകളുണ്ടെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. വെള്ളരിക്കുണ്ട് മങ്കയത്ത് താമസിക്കുന്ന ജോളി ജോസഫിന്റെ വീട്ടില്‍ നിന്നും ജനുവരി 11ന് രാത്രിയില്‍ നടന്ന റബ്ബര്‍ ഷീറ്റ് മോഷണം, കല്ലംചിറയിലെ നാസറിന്റെ വീട്ടില്‍ നടന്ന അടക്ക മോഷണം, പാത്തിക്കരയിലുള്ള മധുസൂദനന്റെ കടയില്‍ നടന്ന അടക്ക മോഷണം, നെല്ലിയറയില്‍ അബൂബക്കറിന്റെ വീട്ടില്‍ നടന്ന റബ്ബര്‍ ഷീറ്റ് മോഷണം എന്നിവ നടത്തിയത് പ്രതിയാണെന്ന് തിരിച്ചറിഞ്ഞു. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് ഡിവൈഎസ്പി പറഞ്ഞു. മലയോര മേഖലയില്‍ തുടര്‍ച്ചയായി മോഷണം നടത്തി വിറപ്പിച്ച വ്യക്തിയാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.


No comments