Breaking News

ഉണർവ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് മാലോത്ത് കസബ സ്‌കൂളിൽ നടക്കും ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും


വെള്ളരിക്കുണ്ട്: കേരള സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തി - ലഹരി വര്‍ജ്ജന മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന ഉണര്‍വ് പദ്ധതിയുടെ ജില്ലാതല  ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 25) വൈകിട്ട് മൂന്നിന് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വഹിക്കും. പദ്ധതിക്കായി കാസര്‍കോട് ജില്ലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജി.എച്ച്.എസ്.എസ് മലോത്ത് കസബ സ്‌കൂളിലാണ് പരിപാടി. ഒപ്പം കായികോപരണങ്ങളുടെ വിതരണവും നടക്കും. മദ്യവും മയക്കുമരുന്നും ഉള്‍പ്പെട്ട ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിന് ശക്തമായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുടനീളം വിമുക്തി മിഷന്റെ ഭാഗമായി നടപ്പിലാക്കി വരുന്നുണ്ട്. കുട്ടികളും യുവാക്കളും ലഹരി ഉപയോഗത്തിലേക്ക് പോകുന്നത് തടയാനായി അവരെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുവിടുന്നതിനാണ് എക്സൈസ്് വകുപ്പ് ഉണര്‍വ് പദ്ധതി രൂപീകരിച്ചത്. വിദ്യാര്‍ത്ഥികളെ മോശപ്പെട്ട പ്രചോദനങ്ങളില്‍ നിന്നും വഴിതിരിച്ച് കായികപരവും കലാപരവുമായ മേഖലകളിലേക്ക് വിടുന്നതിന് ഈ പദ്ധതി ലക്ഷ്യം വെക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ നാല് സ്‌കൂളില്‍ നടപ്പിലാക്കിയിട്ടുള്ള ഈ പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ മാലോത്ത് കസബ സ്‌കൂളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ഏഴ് കായിക ഇനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക സഹായത്തോടെ  ജില്ലയിലെ മറ്റു സ്‌കൂളുകളിലും ഈ പദ്ധതി നടപ്പിലാക്കാനാകും. ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷനാകും. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ഡി.ബാലചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോമോന്‍ ജോസ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി സുധീപ് ബോസ്, കാസര്‍കോട് വിമുക്തി മാനേജര്‍ ഹരിദാസന്‍ പാലക്കല്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

No comments