Breaking News

മാലമോഷണക്കേസിൽ തലശേരിയിൽ അറസ്റ്റിലായ തമിഴ്നാട് സ്വദേശികളായ സഹോദരിമാരായ നിഷയും പാർവതിയും ബോവിക്കാനത്ത് നിന്നും വൃദ്ധയുടെ മാലയും പേഴ്സും മോഷ്ട്ടിച്ച കേസിലും ഇവർ പ്രതികളാണ്


ബോവിക്കാനം : തീയതി : 03 ഡിസംബർ 2022 ‘‘ഞാൻ ചെർക്കളയിൽ നിന്ന് ബസ് കേറി. കാനത്തൂർ ഉത്സവത്തിന് പോകുന്നവർ കുറെ ഉണ്ടായിരുന്നതിനാൽ നല്ല തിരക്കും. പലരെയും പരിചയവുമുണ്ട്. ഒരു കുട്ടിയോടൊപ്പം ഞാനും ഒരു സീറ്റിൽ ഇരുന്നു. അതിനിടയിൽ രണ്ട് പേർ ബസിൽ കയറി വന്നു. അവരെ അറിയില്ല. ഗർഭിണികളെന്ന് പറഞ്ഞ് കൂടെ ഇരുന്നു. ബോവിക്കാനം ടൗൺ കഴിഞ്ഞ ശേഷം കൂടെയുള്ള കുട്ടി, എന്റെ മാലയുടെ കൊളുത്ത് അഴിഞ്ഞു വീണതായി പറഞ്ഞു. താഴെ വീണ താലിയും മാലയും ഉടൻ എടുത്ത് പേഴ്സിൽ വെച്ചു. കൈയിലുള്ള പ്ലാസ്റ്റിക് കവറിൽ ഭദ്രമായി വെച്ചു. മഞ്ചക്കൽ ബസ് സ്റ്റോപ്പിൽ ഇറങ്ങി നോക്കിയപ്പോഴേക്കും എന്റെ മാലയും പഴ്‌സും എല്ലാം മോഷണം പോയിരുന്നു.’’ - മൈലാട്ടി എരുതും കടവിലെ എഴുപത്തിനാലുകാരി കാർത്യായനി തന്റെ മൂന്ന് പവൻ മാലയും മൊബൈൽ ഫോണും ഉൾപ്പെടെ എല്ലാം നഷ്ടപ്പെട്ട കാര്യങ്ങൾ കണ്ണീരോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. വീഡിയോ കണ്ട പലരും കൈമലർത്തിയപ്പോൾ ആദൂർ പൊലീസ് പിന്നാലെ കൂടി. കാർത്യായനിയുടെ മൊഴിയെടുത്ത്‌ കേസ് രജിസ്റ്റർ ചെയ്തു.
തീയതി : 28 ഫെബ്രുവരി 2023
സംഭവം നടന്ന് 90 ദിവസങ്ങൾക്കകം തലശേരിയിലും സമാനസംഭവം നടക്കുന്നു. ബസിൽ കയറി മോഷണം നടത്തിയവരെ പരാതിക്കാർ തിരിച്ചറിയുന്നു. തമിഴ്നാട് തിരുനെൽവേലി തൂത്തുക്കുടി മൂന്നാം മൈൽ സ്വദേശി നിഷ (28), സഹോദരി പാർവതി (25) എന്നിവരാണവർ. ഇവരുടെ ഫോട്ടോ പത്രങ്ങളിൽ വന്നു. മോഷണത്തിന്റെ സ്വഭാവം പരിശോധിച്ച് ആദൂർ പൊലീസ് എസ്ഐ മധുസൂദനൻ മടിക്കൈയും സംഘവും ഇവരുടെ വിശദാംശങ്ങൾ ശേഖരിച്ചു. മോഷ്ടാക്കളെ കാർത്യായനി തിരിച്ചറിയുകയും ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് ആദൂർ പൊലീസ് അറിയിച്ചു.



No comments