Breaking News

ഈസ്റ്റ്‌ എളേരിയിൽ കോൺഗ്രസ്‌ വീണ്ടും പരാജയപ്പെട്ടു; സി പി ഐ എം അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ കഴമ്പില്ലെന്നും സി.പി.എം എളേരി ഏരിയ കമ്മറ്റി


എളേരി: ഈസ്റ്റ്‌ എളേരി പഞ്ചായത്ത്‌, പ്രസിഡന്റ് സ്ഥാനത്തേക്ക് ,കോൺഗ്രസ്‌ വിമതനായി മത്സരിച്ച ജോർജ് ജോസഫ് മുത്തോലി തെരഞ്ഞെടുക്കപ്പെട്ടു. ജയിംസ് പന്തമ്മാക്കന്റെ നേതൃത്വത്തിൽ  വർഷങ്ങൾക്ക് മുമ്പ് കോൺഗ്രസിൽ രൂപപ്പെട്ട വിമത വിഭാഗമാണ് പിന്നീട് ,ഡി ഡി എഫ് രൂപീകരിച്ചത്.2015 മുതൽ 5 വർഷം ഈസ്റ്റ്‌ എളേരി പഞ്ചായത്ത്‌ ഭരിച്ചത് ഡി ഡി എഫ് ആയിരുന്നു.2020 ലെ തെരഞ്ഞെടുപ്പിൽ DDF-7, UDF-7, CPI M -2 എന്നിങ്ങനെയാണ് കക്ഷിനില വന്നത്.രണ്ട് സിപിഐ എം മെമ്പർമാരുടെ പിന്തുണയോടെ ഡി ഡി എഫാണ് പഞ്ചായത്ത്‌ ഭരിച്ചത്.

അതിനിടയിൽ നടന്ന ഈസ്റ്റ്‌ എളേരി  സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ, കോൺഗ്രസ്‌ വെച്ച് നീട്ടിയ നാലോളം ബോർഡ് മെമ്പർ സ്ഥാനങ്ങൾ സ്വീകരിക്കാനും പന്തമ്മാക്കന് മടിയുണ്ടായില്ല കുറച്ചു നാളുകൾക്ക് ശേഷം , ഡി ഡി എഫ് കോൺഗ്രസിൽ ലയിക്കുന്ന സ്ഥിതിയുണ്ടായി.ലയനം നടന്നെങ്കിലും, ഒരു വിഭാഗം ജെയിംസിന്റെ നേതൃത്വം അംഗീകരിക്കാതെയാണ് മുന്നോട്ട് പോയത്.

അതേസമയം,പഞ്ചായത്ത്‌ ഭരണത്തെ ഉപയോഗിച്ച് ജെയിംസ് പന്തമ്മാക്കന്റെ നേതൃത്വത്തിൽ,നടക്കുന്ന അഴിമതിക്കെതിരെ, സിപിഐഎം ശക്തമായി പ്രതിഷേധിക്കുന്ന നിലയുണ്ടായി.ഇത്തരം കാര്യങ്ങൾക്ക് പിന്തുണ ഇല്ലെന്ന് സിപിഐഎം പരസ്യമായി തന്നെ നിലപാടെടുത്തു. വമ്പൻ അഴിമതികൾ പുറത്തു വന്നതോടെ, തുടരാൻ കഴിയാതെ ജെയിംസ്, പ്രസിഡന്റ്‌ സ്ഥാനം രാജിവെക്കുകയാരുന്നുവെന്ന് സി പി എം ആരോപിക്കുന്നു.

ജെയിംസ് പന്തമ്മാക്കന് തന്നെ വീണ്ടും പ്രസിഡന്റ്‌ സ്ഥാനം നൽകിയാൽ സഹകരിക്കില്ലെന്ന് ഒരു വിഭാഗം കോൺഗ്രസ്‌ മെമ്പർമാർ നിർബന്ധം പിടിച്ചതോടെ പ്രശ്നത്തിൽ കെ പി സി സി ഇടപെട്ടു.ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി വിളിച്ചു ചേർത്ത അനുരഞ്ജന ചർച്ചയിൽ, താനോ താൻ നിർദ്ദേശിക്കുന്ന ഒരാളോ പ്രസിഡന്റ്‌ ആകണമെന്ന ആവശ്യം പന്തമ്മാക്കൻ മുന്നോട്ട് വെച്ചു.ഇതിന് വഴങ്ങിയ ജില്ലാ, സംസ്ഥാന നേതൃത്വം, കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിയായി വിനീത് ടി ജോസഫിനെ പ്രഖ്യാപിച്ചു.ഇതോടെ പന്തമ്മാക്കന്റെ പക്ഷത്ത് നിന്നവർ ഔദ്യോഗിക വിഭാഗമായി മാറി

ഈ തീരുമാനത്തിൽ പ്രതിഷേധിച്ച,ഏഴു പഞ്ചായത്ത്‌ അംഗങ്ങൾ ജോർജ് ജോസഫ് മുത്തോലിയെ വിമത സ്ഥാനാർഥിയാക്കി മത്സരിപ്പിച്ചു.

അഴിമതിയും സ്വജന പക്ഷപാതവുമായി മുന്നോട്ട് പോകുന്ന ജയിംസ് പന്തമ്മാക്കൻ വിഭാഗം തന്നെ വീണ്ടും, ഭരണ നേതൃത്വത്തിൽ വരുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് സിപിഐഎം സ്വീകരിച്ചത്.അതോടെ, ഏഴിന് എതിരെ ഒമ്പത് വോട്ടുകൾക്ക് ജോർജ് ജോസഫ് മുത്തോലി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ കോൺഗ്രസ്‌ നേതൃത്വത്തിന് കനത്ത പ്രഹരമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നതെന്നും സി പി എം എളേരി ഏരിയ കമ്മറ്റി ആരോപിക്കുന്നു. ഡി സി സി പ്രസിഡന്റ്‌ നൽകിയ വിപ്പ് അംഗീകരിക്കാതെയാണ്, വിമത വിഭാഗം മത്സരിച്ചു വിജയിച്ചിരിക്കുന്നത്.

അഴിമതിക്കാരനായ ജെയിംസ് പന്തമ്മാക്കൻ വിഭാഗം പഞ്ചായത്തിൽ വീണ്ടും അധികാരത്തിൽ വന്നാൽ, അത് ജനാധിപത്യത്തോടുള്ള അവഹേളനമായിരിക്കും എന്ന് തിരിച്ചറിഞ്ഞു കൊണ്ട്, തങ്ങൾ സ്വീകരിച്ച ശരിയായ രാഷ്ട്രീയ നിലപാടാണ് ഇതിൽ നിർണ്ണായകമായതെന്നും സി പി എം പ്രസ്താവിച്ചു.

അധികാരം നഷ്ടപ്പെട്ട ജെയിംസ് പന്തമ്മാക്കൻ, ഇപ്പോൾ സിപിഐ എമ്മിന് എതിരെ ദുഷ്പ്രചരണങ്ങൾ നടത്തുകയാണ്. മലയോര മേഖലയിലെ വികസനത്തിനും ജനക്ഷേമത്തിനും മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന സിപിഐഎമ്മിന് എതിരെ നടക്കുന്ന ഇത്തരം പ്രചാര വേലകൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് സി പി ഐ എം എളേരി ഏരിയാ കമ്മറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.

No comments