Breaking News

ജില്ലയിലെ 25 കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ
 ജനകീയാരോഗ്യ കേന്ദ്രങ്ങളാകുന്നു ബളാൽ, ബാനം, പനത്തടി, പ്രാന്തർകാവ്, മുക്കോട്, ബിരിക്കുളം, എരിയാൽ, ഭീമനടി, എന്നിവയും പട്ടികയിൽ


കാസർകോട്‌ : അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ആരോഗ്യ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി ജില്ലയിലെ 25 കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ ആർദ്രം മിഷനിലൂടെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാവും. ശാന്തിമല , കോളിയടുക്കം, മാങ്ങാട്, ബല്ല, പാക്കം, മേൽപ്പറമ്പ, കൊളവയൽ, മാവുങ്കാൽ, മടിക്കൈ, ചാമുണ്ഡിക്കുന്ന്, പടിമരുത്, ചോയ്യംകോട്, ബളാൽ, ബാനം, പനത്തടി, പ്രാന്തർകാവ്, മുക്കോട്, ബിരിക്കുളം, എരിയാൽ, നെട്ടിണിഗെ, യെത്തടുക്ക, കർമംതൊടി, ധർമത്തടുക്ക, ഭീമനടി, നീലേശ്വരം ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ പൊതുജനങ്ങൾക്ക് വിവിധതരത്തിലുള്ള ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കി ജനകീയ ആരോഗ്യ കേന്ദ്രങ്ങളാവുക.
ആശുപത്രിയുടെ 
സൗകര്യങ്ങൾ
250 ഉപകേന്ദ്രങ്ങളാണ് ജില്ലയിൽ ആകെയുള്ളത്. ഇവയിൽ 25 കേന്ദ്രങ്ങളാണ്‌ ആദ്യഘട്ടത്തിൽ വികസിപ്പിക്കുക. ദേശീയ ആരോഗ്യ ദൗത്യം മുഖേന അനുവദിച്ച ഏഴുലക്ഷം രൂപ ഉപയോഗിച്ച് അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കി. ആഴ്ചയിൽ ആറുവസവും ജനറൽ ഒപി, പാലിയേറ്റീവ് ഒപി, സ്ത്രീകൾക്കുള്ള ഒപി, പിഎച്ച്സികളിൽനിന്ന് വിതരണം ചെയ്യുന്ന മരുന്നുകൾ ലഭ്യമാക്കൽ തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭിക്കും. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യപ്രവർത്തനം, പകർച്ചവ്യാധി നിയന്ത്രണം, ജീവിതശൈലീ രോഗ നിയന്ത്രണ പ്രവർത്തനങ്ങൾ, ബോധവൽകരണ പരിപാടികൾ, പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ, ചികിത്സ തുടർച്ച ഉറപ്പുവരുത്തൽ, മാനസികാരോഗ്യ പ്രവർത്തനങ്ങൾ, ടെലി മെഡിസിൻ സേവനങ്ങൾ, പാലിയേറ്റീവ് പുനരധിവാസ പ്രവർത്തനങ്ങൾ തുടങ്ങിയ സേവനങ്ങളാണ് ലഭിക്കുക. ഒമ്പത് തരം രോഗപരിശോധന, ക്യാൻസർ സ്‌ക്രീനിംഗ് പ്രോഗ്രാം എന്നിവയ്ക്കും പ്രത്യേകം സംവിധാനങ്ങളുണ്ടാകും.
ഉപകേന്ദ്രങ്ങളിൽ ഇതുവരെ ആഴ്ചയിൽ ഒരു ദിവസം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിന്റെയും ആശാ വർക്കറുടെയും സേവനമാണ് ഉണ്ടായിരുന്നത്‌. നഴ്സിങ്‌ കഴിഞ്ഞ ക്ലിനിക്കൽ പരിചയമുള്ള മിഡിൽ ലെവൽ സർവീസ് പ്രൊവൈഡേഴ്സിനെക്കൂടി നിയമിക്കും.

നാളെ മുഖ്യമന്ത്രി 
ഉദ്ഘാടനം ചെയ്യും
ജില്ലയിലെ 25 ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം 18ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്യും . ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷം വഹിക്കും. മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന ഉദ്ഘാടനച്ചടങ്ങിൽ എംഎൽഎമാർ പങ്കെടുക്കും.

No comments