Breaking News

മഴയില്ല, വെള്ളമില്ല; കരിന്തളം കീഴ്‌മാലയിൽ നെൽകൃഷി കരിയുന്നു


കരിന്തളം : കീഴ്‌മാല പാടശേഖരത്തിലെ 21 ഏക്കർ നെൽകൃഷി വെള്ളമില്ലാതെ കരിഞ്ഞുണങ്ങുന്നു. അറുപതോളം കർഷകരാണ് ഇത്തവണ ഒന്നാംവിള നെൽകൃഷിയിറക്കിയത്. മഴയുടെ വരവ് വൈകിയതിനാൽ ജൂലെെ അവസാനമാണ് കൃഷിയിറക്കിയത്. വയൽ ഉഴുത് മറിച്ച് വിത്തിട്ടതിനുശേഷവും വല്ലപ്പോഴുമാണ് മഴപെയ്‌തത്‌. ഇടയ്ക്ക് വന്ന മഴയിൽ ഞാറ് പറിച്ചുനട്ടെങ്കിലും മഴ വീണ്ടും ഇല്ലാതായി. ഇതിനിടെ തുടർച്ചയായി പെയ്ത മഴയിൽ വയലിൽ വെള്ളംനിറഞ്ഞു. ഞാറ് തഴച്ചുവളർന്നു. എന്നാൽ കതിരിടേണ്ട സമയത്ത് മഴ ഇല്ലാതായി. മിക്കകർഷകരും ജലസേചനം നടത്തിയത് മോട്ടോർ ഉപയോഗിച്ചാണ്. എല്ലാകർഷകർക്കും ഈ സംവിധാനമില്ലാത്തതിനാൽ ചിങ്ങമാകുമ്പോഴേക്കും കതിരിടേണ്ട നെൽച്ചെടികൾ നാശത്തിന്റെ വക്കിലായി. കൃഷിഭവനിൽനിന്നും ലഭിച്ച ഉമ നെൽവിത്താണ് ഇക്കുറി വിതച്ചത്.
കീഴ്‌മാല പാടശേഖരത്തിലെ കീഴ്‌മാല, പാറക്കോൽ പാടങ്ങളിലും കിനാനൂർ പാടശേഖരവും വെള്ളമില്ലാതെ കരിഞ്ഞുണങ്ങുകയാണ്. വായ്‌പയെടുത്തും സ്ഥലം പാട്ടത്തിനെടുത്തുമാണ് ഭൂരിഭാഗവും കർഷകരും കൃഷിയിറക്കിയത്‌.


No comments