Breaking News

പതിവ് തെറ്റിയില്ല ... ഇടയിലെക്കാട് കാവിലെ വാനരസംഘത്തിന് നവോദയ ഗ്രന്ഥാലയം ബാലവേദി ഓണസദ്യയൊരുക്കി

തൃക്കരിപ്പൂർ : ഇണങ്ങിയും പോരടിച്ചും അടുത്ത ഇല കെെയടക്കിയും ആവേശത്തോടെയായിരുന്നു അവർ സദ്യയുണ്ടത്. ഇതിനിടയിൽ റോഡിൽ നിന്നവർക്കുനേരെ കൊഞ്ഞനംകുത്തി ആഹ്ലാദപ്രകടനവും. സദ്യക്കുള്ള വിളികേട്ടതോടെ വാലാൽ ചില്ലത്തുമ്പിൽ ചുറ്റിക്കിടന്നുമറിഞ്ഞാടിയെത്തിയ വാനരപ്പട ഓണസദ്യ കെങ്കേമമായി ഉണ്ടു. ഇടയിലെക്കാട് കാവിലെ വാനരസംഘത്തിന് നവോദയ ഗ്രന്ഥാലയം ബാലവേദി ഒരുക്കിയ സദ്യയാണ് കൗതുകമായത്. അവശത വകവയ്ക്കാതെയെത്തിയ ചാലിൽ മാണിക്കമ്മയും ഓണത്തിരക്കുകൾക്കിടയിൽ സിനിമാതാരം പി പി കുഞ്ഞികൃഷ്ണനും സദ്യയ്ക്ക് നേതൃത്വം നൽകാനെത്തിയപ്പോൾ കാണികൾക്കും ആഹ്ലാദം.
പാട്ടുകൾ പാടി കുട്ടികൾക്കൊപ്പം ഘോഷയാത്രയിൽ പങ്കുചേർന്ന് സദ്യയ്ക്ക് വാഴയിലയിട്ട്‌ പി പി കുഞ്ഞികൃഷ്ണനും "പപ്പീ’.... എന്ന് വാനരപ്പടയുടെ തലവനെ നീട്ടിവിളിച്ച് ചോറുരുളകൾ വിളമ്പി മാണിക്കവും സദ്യയുടെ ഭാഗമായി. വിളമ്പുകാർ മാറിയശേഷം കുഞ്ഞുങ്ങൾ മുതല്‍ മുത്തച്ഛന്മാർ വരെയുള്ള വാനരപ്പട വരിവരിയായി സദ്യക്കെത്തി.
നവോദയ ഗ്രന്ഥാലയം ബാലവേദി സംഘടിപ്പിച്ച വാനരർക്കുള്ള പതിനാറാമത് ഓണസദ്യയിൽ 16 വിഭവങ്ങളാണ് ഉപ്പുചേർക്കാത്ത ചോറിനൊപ്പം വിളമ്പിയത്.
ചക്ക, പൈനാപ്പിൾ, തണ്ണിമത്തൻ, ക്യാരറ്റ്, ബീറ്റ്റൂട്ട് ,കക്കിരി, വെള്ളരി, ചെറുപഴം, നേന്ത്രപ്പഴം,ഉറുമാൻ പഴം, മത്തൻ, സീതാപ്പഴം, പപ്പായ, പാഷൻ ഫ്രൂട്ട്, നെല്ലിക്ക, സപ്പോട്ട എന്നീ പഴങ്ങളും പച്ചക്കറികളുമാണ് വിളമ്പിയത്. സംഘത്തലവൻ പപ്പിയ്ക്ക് ഏറെയിഷ്ടം ചക്കയോടായിരുന്നെങ്കിലും മറ്റുള്ളവർ ഉറുമാൻ പഴത്തിനായി മത്സരിച്ചു.
പി വേണുഗോപാലൻ, വി കെ കരുണാകരൻ, എം ബാബു, ആനന്ദ് പേക്കടം, പി വി സുരേശൻ, എ സുമേഷ്,എം കൃഷ്ണൻ, പി സുധീർ, എൻ കെ സതീശൻ,സി ജലജ, സ്വാതി വിശ്വനാഥ് എന്നിവർ നേതൃത്വം നൽകി


No comments