ബസ് സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾ മരിച്ച സംഭവം; ബസ് ഡ്രൈവറും ഉടമയും അറസ്റ്റിൽ
കോഴിക്കോട്: ബസ് സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറും ഉടമയും അറസ്റ്റിൽ. ഡ്രൈവർ കാരന്തൂർ സ്വദേശി അഖിൽ കുമാർ, ബസ് ഉടമ അരുൺ എന്നിവരെ ചേവായൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടർ രണ്ടു ബസുകൾക്കിടയിൽ പെട്ട് തിങ്കളാഴ്ച ദേശീയപാത ബൈപാസിൽ വെച്ചാണ് അപകടം ഉണ്ടായത്. ബസ് ഡ്രൈവര്‍ അഖില്‍ കുമാറിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. രണ്ട് ബസുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.
ചേവായൂർ വിദ്യാഭ്യാസ ഉപജില്ല ഓഫിസിലെ പ്യൂൺ കക്കോടി കിഴക്കുംമുറി താഴെ നെച്ചൂളി കെ പി ഷൈജു (ഗോപി-43), ഭാര്യ ജീമ (38) എന്നിവർ അപകട സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഷൈജുവിന്റെ ചികിത്സയുടെ ഭാഗമായി ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. തൊട്ടുമുന്നിലുള്ള പയമ്പ്ര-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡിവൈഡറിനു സമീപം വേഗം കുറച്ചപ്പോൾ പിന്നിൽ അമിത വേഗത്തിലെത്തിയ നരിക്കുനി-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചു കയറുകയായിരുന്നു. ദേശീയപാത ബൈപാസിൽ വേങ്ങേരിക്കും മലാപ്പറമ്പിനും ഇടയിലാണ് സംഭവം.
സ്വകാര്യ ബസിന്‍റെ അമിതവേഗതയാണ് ദമ്പതികളുടെ മരണത്തിനിടയാക്കിയതെന്നാണ് വിവരം. അമിതവേഗത്തിൽ വന്ന ബസിന്‍റെ ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രികർ രണ്ട് ബസുകൾക്കിടയിൽ കുടുങ്ങിപ്പോവുകയായിരുന്നു. അപകടത്തിന് ശേഷം ബസ് ഡ്രൈവർ കാരന്തൂർ അഖിൽ കുമാർ കടന്നുകളയാൻ ശ്രമിക്കുകയും നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറുകയുമായിരുന്നു.അതേസമയം ഗുരുതര പരുക്കേറ്റ മറ്റൊരു ബൈക്ക് യാത്രക്കാരൻ പാലത്ത് ഊട്ടുകുളംവയൽ വീട്ടിൽ വിനുവിനെ (36) ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
No comments