മഞ്ഞം പൊതിക്കുന്ന് വിനോദ സഞ്ചാര പദ്ധതിക്ക് നവംബറിൽ തുടക്കമാകും
കേരളത്തിലെ ആദ്യത്തെ ഇക്കോ സെൻസിറ്റീവ് ആസ്ട്രോ ടൂറിസം പ്രൊജക്ട് ' 4, 97,50,000 രൂപ യാ ണ് പദ്ധതിക്ക് വകയിരുത്തുന്നത്. കളക്ടറേറ്റിൽ റവന്യു , ഭവന നിർമാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ്റെ അധ്യക്ഷതയിൽ പദ്ധതി അവലോകനം ചെയ്തു. സംസ്ഥാനത്ത് മറ്റൊരിടത്തുമില്ലാത്ത വാനനിരീക്ഷണ വിനോദ സഞ്ചാര പദ്ധതി ഉൾപ്പെടുന്ന മഞ്ഞം പൊതിക്കുന്ന് ടൂറിസം പദ്ധതി സമയബന്ധിതമായി കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കണമെന്ന് മന്ത്രി പറഞ്ഞു. മലമുകളിൽ ആധുനിക ടെലിസ്കോപ്പ് സ്ഥാപിച്ച് വാന നിരീക്ഷണത്തിന് സൗകര്യമൊരുക്കും. മലയുടെ മുകളിൽ ഉച്ചിയിൽ നിന്നുയരുന്ന ജലധാര വേറിട്ട ആകർഷണമാകും.പല വർണങ്ങളിലുള്ള പൂക്കൾ നിറഞ്ഞ പൂന്തോട്ടമാണ് മറ്റൊരാകർഷണം. മഞ്ഞ് പൊഴിയുന്ന മഞ്ഞം പൊതിക്കുന്നിൻ്റെ സൗന്ദര്യം ആവോളം നുകരാൻ ഉതകുന്നതാണ് പദ്ധതി. പ്രകൃതിയ്ക്ക് കോട്ടം വരുത്താതെ പദ്ധതി യാഥാർത്യമാക്കും. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കും കുന്നിൻ്റെ അടിവാരത്തിൽ 150 കാർ ഉൾപ്പടെപാർക്ക് ചെയ്യാവുന്ന വിശാലമായസൗകര്യമൊരുക്കും. പുൽമേടിലൂടെ മരങ്ങൾക്കിടയിലൂടെ കുന്നുകയറാൻ വഴിയൊരുക്കും. വാനനിരീക്ഷണത്തിന് അവസരമൊരുക്കി വിദ്യാർത്ഥികളിൽ ശാസ്ത്ര ഭിമുഖ്യം വളർത്തുന്നതിന് പദ്ധതി ഉപകരിക്കും. മഴവെള്ള സംഭരണിയിലെ വെള്ളമാണ് ജലധാരയിലേക്ക് ഉപയോഗിക്കുക. ടൂറിസം വകുപ്പിൻ്റെ അംഗീകൃത ആർക്കിടെക്റ്റ് മാരാണ് പദ്ധതി രൂപകല്പന ചെയ്തത്. ഡിടിപിസിയ്ക്കായിരിക്കും നടത്തിപ്പ് ചുമതല. യോഗത്തിൽ ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു ആമുഖ അവതരണം നടത്തി. സബ് കളക്ടർ ഡി ആർ മേഘ ശ്രീ , ഡി ടി പി സി സെക്രട്ടറി ബിജു രാഘവൻ, ടൂറിസം മാനേജർ സുനിൽ കുമാർ, ജില്ലാ നിർമിതി കേന്ദ്രം എഞ്ചിനിയർ സുന്ദരേശൻ സംസാരിച്ചു. ആർക്കിടെക്റ്റ് പ്രമോദ് പാർത്ഥൻ, സി പി സുനിൽ കുമാർ എന്നിവർ പദ്ധതി രൂപരേഖ അവതരിപ്പിച്ചു.

No comments