Breaking News

പറശ്ശിനിക്കടവില്‍ കൗമാരക്കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ മുഖ്യപ്രതിയായ പിതാവിന് ഇരട്ട ജീവപര്യന്തം


തലശേരി: പറശ്ശിനിക്കടവില്‍ കൗമാരക്കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ മുഖ്യപ്രതിയായ പിതാവിന് ഇരട്ട ജീവപര്യന്തം. തലശ്ശേരി പോക്‌സോ കോടതിയാണ് വിധി പറഞ്ഞത്. 2015 മുതല്‍ 14കാരിയെ പിതാവ് പീഡിപ്പിച്ചെന്നാണ് പരാതി. കേസിലെ മറ്റ് പ്രതികള്‍ക്കെതിരെയുള്ള വിചാരണ തുടരുകയാണ്. 2018 ല്‍ കേരളമാകെ ചര്‍ച്ച ചെയ്യപ്പെട്ട പറശ്ശിനിക്കടവ് പീഡനക്കേസിലാണ് തലശ്ശേരി പോക്‌സോ കോടതി വിധി പ്രഖ്യാപിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച സ്വന്തം പിതാവിനെതിരെ വളപട്ടണം പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.


അന്വേഷണ ഉദ്യോഗസ്ഥന്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ പ്രതി ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. ജാമ്യത്തിനായി ഹൈക്കോടതിയില്‍ പലതവണ ശ്രമിച്ചിരുന്നെങ്കിലും പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ശക്തമായ എതിര്‍പ്പ് മൂലം ഇയാള്‍ക്ക് ജാമ്യം കിട്ടിയിരുന്നില്ല. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ബീന കാളിയത്താണ് കോടതിയില്‍ ഹാജരായത്. ഡിസംബര്‍ മാസത്തിലായിരുന്നു ഏറെ കോളിളക്കം സൃഷ്ടിച്ച പറശ്ശിനി പീഡന കേസ് റിപ്പോര്‍ട്ടാവുന്നത്. 16 വയസു മാത്രം പ്രായമായ പെണ്‍കുട്ടിയെ പറശ്ശിനിക്കടവ് ലോഡ്ജില്‍ വെച്ച് കൂട്ട ബലാത്സംഗത്തിന് വിധേയമാക്കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ അന്നത്തെ തളിപ്പറമ്പ്് ഡിവൈഎസ്പി വേണുഗോപാലായിരുന്നു ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്.


പ്രസ്തുത കേസില്‍ പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയപ്പോഴാണ് നാടിനെ ഞെട്ടിച്ച പീഡനകഥകള്‍ പുറത്തുവന്നത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ ആക്ട് പ്രകാരം അന്ന് തളിപ്പറമ്പ് പോലിസ് സ്റ്റേഷനില്‍ പതിനെട്ടോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസുകള്‍ക്കാസ്പദമായ സംഭവങ്ങള്‍ നടന്നത് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ അന്വേഷണം നടത്തുന്നതിനായി അതത് പൊലീസ് സ്റ്റേഷനുകളിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ നടന്നത് വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു.


പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്ന് ആറു കേസുകളായിരുന്നു വളപട്ടണം പൊലീസ് സ്റ്റേഷനില്‍ അന്വേഷിച്ചിരുന്നത്. വളപട്ടണം പൊലീസ് ഇന്‍സ്‌പെക്ടറായ എം കൃഷ്ണനായിരുന്നു ആറു കേസുകളും അന്വേഷിച്ചിരുന്നത്. അതില്‍ ആറു കേസുകളും സമര്‍ത്ഥമായി അന്വേഷിച്ച് എല്ലാ കേസുകളിലെയും പ്രതികളെ അറസ്റ്റ് ചെയ്ത് പോക്‌സോ കേസില്‍ പറഞ്ഞിരിക്കുന്ന സമയപരിധിക്കുള്ളില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതില്‍ ഒരു കേസിലാണ് വിധി പറഞ്ഞത്.

No comments