ബളാൽ കോട്ടക്കുന്നിൽ ചത്തനിലയിൽ കണ്ടെത്തിയത് 4 വർഷം പ്രായമായ പെൺപുള്ളിപ്പുലി; പോസ്റ്റുമോർട്ടം നടന്നു
വെള്ളരിക്കുണ്ട് : ബളാൽ കോട്ടക്കുന്ന് പുഞ്ചക്കരയിലെ കൃഷിടത്തിൽ ചത്തനിലയിൽ കണ്ടെത്തിയ പെൺ പുള്ളിപ്പുലിയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. തുടർന്ന് കള്ളാർ വനംവകുപ്പ് ഓഫീസ് വളപ്പിൽ മറവ് ചെയ്തു. ഡിഎഫ്ഒ ജോസ് മാത്യു, ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ രാഹുൽ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എംപി രാജു, സുരേന്ദ്രൻ, ആർ ബാബു തുടങ്ങിയവർ സ്ഥലത്തെത്തി. വനം വകുപ്പ് വടക്കൻ മേഖലാ വെറ്ററിനറി സർജൻ ഇല്യാസ് റാവുത്തറിന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നടന്നത്. ചത്ത പെൺപുലിക്ക് നാലുവയസ് പ്രായം വരുമെന്നാണ് അധികൃതർ പറയുന്നത്. സ്വാഭാവിക മരണമെന്ന നിഗമനത്തിലാണ് അധികൃതരിപ്പോൾ. പുലിയുടെ ദേഹത്ത് പരിക്കേറ്റ പാടുകളൊന്നുമില്ല. വിഷം അകത്തുചെന്നതായി സൂചനയുമില്ല. എന്നാൽ രാസപരിശോധനാ ഫലം ലഭിച്ച ശേഷം മാത്രമേ മരണ കാരണം കൂടുതൽ വ്യക്തമാവുകയുള്ളൂവെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ രാഹുൽ പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് പുഞ്ചക്കരയിലെ ആളൊഴിഞ്ഞ പ്രദേശത്ത് പുലിയെ ചത്തനിലയിൽ കണ്ടെത്തിയത്. കള്ളാർ പുലി ഭീഷണിയുള്ള പ്രദേശം അല്ലെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. കഴിഞ്ഞ വർഷം ഒടയംചാലിൽ പുലിയെ കണ്ടെത്തിയിരുന്നു.
No comments