മാവുള്ളാൽ തിരുനാളിന് കൊടിയേറി; ഉത്തര മലബാറിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രത്തിൽ ഇത്തവണത്തെ ആഘാഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്
വെള്ളരിക്കുണ്ട്: ഉത്തര മലബാറിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മാവുള്ളാൽ വി.യൂദാ തദ്ദേവൂസിന്റെ തീർത്ഥാടന കേന്ദ്രത്തിൽ പത്തുനാൾ നീണ്ടുനിൽക്കുന്ന നവനാൾ തിരു കർമ്മങ്ങൾക്കും തിരുനാൾ ആഘോഷങ്ങൾക്കും തുടക്കമായി.
കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടക്കുന്ന തിരുനാൾ മഹോത്സവത്തിന് തുടക്കം കുറിച്ച് വ്യാഴാഴ്ച വൈകിട്ട് വെള്ളരിക്കുണ്ട് ഫെറോന വികാരി ഫാദർ മാത്യു ഇളം തുരുത്തിപടവിൽ കൊടിയേറ്റ് നടത്തി.
തുടർന്ന് ഫാദർ ജോർജ് പുഞ്ചതറപ്പേലിന്റെ കാർമികത്വത്തിൽ കുർബാന, വചനപ്രഘോഷണം എന്നിവ നടന്നു. എല്ലാ ദിവസവും വൈകിട്ട് നാലുമുതൽ കുർബാന വചന പ്രഘോഷണം നൊവേന എന്നിവ ഉണ്ടാകും. 22 ന് നടക്കുന്ന തിരു കർമ്മങ്ങൾക്ക് തലശ്ശേരി അതിരൂപത ആർച്ചു ബിഷപ്പ് മാർ ജോർജ് ഞരളകാട്ടു മുഖ്യ കാർമികത്വം വഹിക്കും. 29ന് ഉച്ചയ്ക്ക് ഒരുമണിക്ക് അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനിയുടെ കാർമികത്വത്തിൽ വിശുദ്ദ കുർബാന വചന പ്രഘോഷണം നൊവേന എന്നിവ നടക്കും.
വിശുദ്ധ തദ്ദേവൂസിൻ്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രദിക്ഷണത്തോടെ തിരുനാൾ മഹോത്സവം സമാപിക്കും.
No comments