മോട്ടോർ വാഹന വകുപ്പിൻ്റെ വാഹന പരിശോധനയിൽ പങ്കാളികളായി വെള്ളരിക്കുണ്ടിലെ കുട്ടിപോലീസും എൻ.എസ്.എസ് വളണ്ടിയർമാരും
വെള്ളരിക്കുണ്ട്: റോഡുനിയമങ്ങൾ പാലിക്കാത്തവരെ മര്യാദ പഠിപ്പിച്ചും ഉപദേശിച്ചും 'നല്ല ഡ്രൈവർമാർക്ക് സമ്മാനങ്ങൾ നൽകിയും എൻ എസ് എസ് വളണ്ടിയർമാരും എസ്പിസി കുട്ടികളും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം പങ്കാളികളായി. ദേശിയ റോഡുസുരക്ഷാ മാസത്തിൻ്റെ സമാപന ദിവസത്തിൻ്റെ ഭാഗമായിട്ടാണ് വെള്ളരിക്കുണ്ട് സബ് ആർ ടി ഓഫീസിൻ്റെ നേതൃത്വത്തിൽ പ്രത്യേക വാഹന പരിശോധന നടന്നത്.സെൻ്റ് ജൂഡ് ഹൈസ്കൂളിലെ എസ് പി സി കുട്ടികളും, ഹയർ സെക്കൻ്ററിയിലെ എൻ എസ് വളണ്ടിയർമാരുമാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റിൻ്റെ ഇന്നത്തെ പരിശോധനയിൽ പങ്കാളികളായത്. ഹെൽമെറ്റ്, സീറ്റ് ബെൽട്ട്, മുതലായ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കാത്തവർക്കെതിരെ ഉദ്യോഗസ്ഥർ ഇ ചലാൻ തയ്യാറാക്കിയപ്പോൾ കുട്ടികൾ അവർക്ക് അതിൻ്റെ പ്രത്യാഘാതങ്ങൾ വിശദീകരിച്ചു കൊടുത്തു. ചിൻ സ്ട്രാപ്പിൻ്റെ ശരിയായ ഉപയോഗം, പിറകിലും, മുൻപിലും ഇരിക്കുന്നവർക്ക് ബൈക്കിൽ ഹെൽമെറ്റും, കാറുകളിൽ സീറ്റു ബെൽട്ടും ധരിച്ചില്ലെങ്കിലുള്ള പ്രശ്നങ്ങൾ കുട്ടികൾ തന്നെ വിശദികരിക്കുമ്പോൾ ഡ്രൈവർമാരും മറ്റു യാത്രക്കാരും അത് തിരിച്ചറിഞ്ഞു.അമിത പ്രകാശം പരത്തുന്ന എക്സ്ട്രാ ലൈറ്റുകൾ വാഹനങ്ങളിൽ നിന്ന് ഡ്രൈവർമാരെ കൊണ്ടു തന്നെ കുട്ടികളുടെ മുന്നിൽ വെച്ച് അഴിപ്പിച്ചതു വഴി സുരക്ഷയുടെ ഒരു നല്ല പാഠം കുട്ടികളിലും, ഡ്രൈവർമാരിലും ഉണ്ടാക്കാൻ കഴിഞ്ഞു. കൃത്യമായി നിയമങ്ങൾ പാലിച്ച് സമ്മാനങ്ങൾ വാങ്ങിയവരിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപെടുന്നു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം വിജയൻ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ ദിനേശൻ, ഡ്രൈവർ വിശ്വനാഥൻ, കൃഷ്ണരാജ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സിനോജ്, കൃഷ്ണരാജ് തുടങ്ങിയവർ നേതൃത്വം നൽകി.

No comments