Breaking News

ഗ്യാസ് പൊട്ടിത്തെറിയിൽ നിന്ന് കുടുംബത്തെ രക്ഷിച്ച വളർത്തുപൂച്ച; ഒറ്റരാത്രികൊണ്ട് താരമായി 'ലില്ലി'




വീട്ടിലെ പാചകവാതക ചോർച്ച കണ്ടെത്തി കുടുംബത്തെ രക്ഷിച്ച് വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് ലില്ലി എന്ന പൂച്ച. വലിയ ഒരു അപകടത്തിൽ നിന്ന് വീട്ടുകാരെ രക്ഷിച്ച് ഹീറോയായി മാറിയിരിക്കുകയാണ് ഈ പെൺ പൂച്ച. ഓസ്വെഗോ ലേയ്ക്കിനടുത്ത് താമസിക്കുന്ന സാൻഡി മാർട്ടിൻ എന്ന യുവതിയെയും കുടുംബത്തിനുമാണ് ലില്ലി എന്ന വളർത്തു പൂച്ച രക്ഷകയായത്. സ്വീകരണമുറിയിൽ പൂച്ചയ്ക്ക് ഒപ്പം കളിക്കുകയായിരുന്ന സാൻഡി പെട്ടെന്ന് അടുക്കളിയിലേയ്ക്ക് ഓടിയ ലില്ലി, ഗ്യാസിന്റെ വാൽവിൽ മണം പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.



പൂച്ചയുടെ അസാധാരണമായ പെരുമാറ്റം കണ്ട് സാൻഡി പുറകെ എത്തി. പൂച്ച മുമ്പൊരിക്കലും ഇങ്ങനെയൊരു കാര്യം ചെയ്യാത്തതിനാൽ ഇവരും വാൽവിനടുത്ത് എത്തി മണത്തു നോക്കി. തുടർന്ന് ഗ്യാസിന്റെ നേരിയ മണം അനുഭവപ്പെട്ടതിനെ തുട‍ർന്ന് ഭർത്താവ് മൈക്കിനോടും വാൽവ് പരിശോധിക്കാൻ ആവശ്യപ്പെട്ടു.


പിന്നാലെ ദമ്പതികൾ അവരുടെ ഗ്യാസ് കമ്പനിയായ NW നാച്ചുറലുമായി ബന്ധപ്പെടുകയായിരുന്നു. അൽപ്പസമയത്തിനുള്ളിൽ തന്നെ ഗ്യാസ് കമ്പനി ജീവനക്കാരൻ എത്തി. ഗ്യാസ് ചോർച്ചയുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനെ തുട‍ർന്ന് വീടിന്റെ എല്ലാ വാതിലുകളും തുറക്കാനും മുറിയിൽ നിന്ന് പുറത്തു പോകാനും ജീവനക്കാരൻ ആവശ്യപ്പെട്ടതായി സാൻഡി പറഞ്ഞു. കൂടാതെ വീടിനുള്ള സെൽ‌ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കരുതെന്നും കമ്പനി നി‍ർദ്ദേശം നൽകിയതായി സാൻഡി വെളിപ്പെടുത്തി. കമ്പനി ജീവനക്കാരൻ വീട്ടിലേയ്ക്കുള്ള ചോർച്ചയുള്ള പൈപ്പ് ലൈൻ മുറിച്ച് മാറ്റി അടച്ചു. വാതക ചോ‌ർച്ച ശ്രദ്ധയിൽപ്പെടാതിരുന്നെങ്കിൽ വലിയ സ്ഫോടനം ഉണ്ടാകുമായിരുന്നു.

ലില്ലി ആണ് തങ്ങളുടെ ജീവൻ രക്ഷിച്ചതെന്ന് വീട്ടുടമയായ സാൻഡി പറയുന്നു. കൊറോണ മഹാമാരിക്ക് തൊട്ടുമുമ്പ് ഷേർവുഡിലെ ക്യാറ്റ് അഡോപ്ഷൻ ടീമിൽ നിന്നാണ് സാൻഡി ലില്ലിയെ ദത്തെടുത്തത്. ചില വൈകല്യങ്ങൾ ഉള്ള പ്രത്യേക പരിചരണം ആവശ്യമുള്ള പൂച്ചയാണ് ലില്ലി. മിക്ക പൂച്ചകൾക്കും 18 വിരലുകൾ ഉള്ളപ്പോൾ ലില്ലിക്ക് 21 കാൽവിരലുകളാണ് ഉള്ളത്.



ഗ്യാസ് ചോർച്ചയ്‌ക്ക് പുറമേ, ലില്ലി തന്നെ മറ്റൊരു വിധത്തിൽ രക്ഷിച്ചതായും സാൻഡി മാർട്ടിൻ പറയുന്നു. കൊറോണ വൈറസ് മഹാമാരിയെ തുടർന്നുള്ള അനിശ്ചിതത്വത്തിൽ നിന്ന് താൻ പുറത്തു കടക്കാൻ കാരണം ലില്ലിയാണെന്നാണ് ഉടമ പറയുന്നത്..

ക്യാറ്റ് ബോർഡിൽ അംഗമാണ് സാൻഡി. ആരോഗ്യ പ്രശ്നങ്ങളുള്ള നിരവധി പൂച്ചകളെ ഈ കുടുംബം വളർത്തിയിട്ടുണ്ട്. ദത്തെടുക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് തന്നെ ലില്ലി ഈ കുടുംബത്തിന്റെ സംരക്ഷണത്തിലായിരുന്നു.

No comments