കോവിഡ് വ്യാപന തോത് നിർണ്ണയിക്കാൻ സീറോ പ്രിവലൻസ് സർവ്വേയ്ക്ക് ജില്ലയിൽ തുടക്കമായി
കാസർകോട്:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേത്യത്വത്തിൽ നടത്തുന്ന കോവിഡ്-19 സീറോ പ്രീവലൻസ് സർവ്വേയ്ക്ക് ജില്ലയിൽ തുടക്കമായി . ഇതിന്റെ ഭാഗമായി സമൂഹത്തിലെ വിവിധ തലങ്ങളിൽ ഉള്ളവരുടെ രക്തസാമ്പിളുകൾ ശേഖരിച്ചു കോവിഡ്-19 IgG ആന്റിബോഡി യുടെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള സർവ്വേ പ്രവർത്തനമാണ് സംഘടിപ്പിക്കുന്നത്. ജില്ലയിൽ 8 ഗ്രാമപഞ്ചായത്തുകൾ 2 മുൻസിപ്പാലിറ്റികൾ എന്നിവിടങ്ങളിലാണ് സർവ്വേ നടത്തുന്നത് . പഞ്ചായത്തുകളിൽ 4 വാർഡുകളിലും മുൻസിപ്പാലിറ്റികളിൽ 9 വാർഡുകളിലുമായി റാൻഡം സാംപ്ലിങ് വഴി ആളുകളെ കണ്ടെത്തിയാണ് രക്തസാമ്പിളുകൾ ശേഖരിക്കുന്നത് .
ജില്ലയിലെ ഗവ, സ്വകാര്യ മേഖലയിലെ 10 ആരോഗ്യസ്ഥാപനങ്ങൾ 5 പോലീസ് സ്റ്റേഷനുകൾ 5 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരിൽ നിന്നും സർവ്വേ വഴി രക്ത സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്.
ബേഡഡുക്ക, ചെറുവത്തൂർ, എൻമകജെ, കാറഡുക്ക, കോടോം ബെള്ളൂർ, പള്ളിക്കര, തൃക്കരിപ്പൂര്, വോർക്കാടി എന്നി പഞ്ചായത്തുകളിലും കാസറഗോഡ്, നീലേശ്വരം എന്നി മുൻസിപ്പാലിറ്റികളിലുമാണ് ജില്ലയിൽ സമൂഹ സർവ്വേ പ്രവർത്തനം നടത്തുന്നത്.
നർക്കിലക്കാട്, ഓലാട്ട്, മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, മംഗൽപാടി താലൂക്ക് ആശുപത്രി, ജനറൽ ആശുപതി കാസറഗോഡ്, ജില്ലാശുപത്രി കാഞ്ഞങ്ങാട്, സി എച് സി പെരിയ, ബദിയടുക്ക എന്നി ഗവ ആരോഗ്യസ്ഥാപനങ്ങൾ, കിംസ് ഹോസ്പിറ്റൽ കാസറഗോഡ്, തേജസ്വിനി ഹോസ്പിറ്റൽ നീലേശ്വരം, എന്നി സ്വകാര്യ ആശുപ്രതികൾ ചെമ്മനാട്, ദേലംപാടി, കിനാനൂർ-കരിന്തളം, പടന്ന എന്നി ഗ്രാമപഞ്ചായത് ഓഫീസുകൾ, കാഞ്ഞങ്ങാട് നഗരസഭാ കാര്യാലയം, ജില്ലാ പോലീസ് ആസ്ഥാനം, കോസ്റ്റൽ പോലീസ് സ്റ്റേഷൻ തൃക്കരിപ്പൂർ, ബേഡകം പോലീസ് സ്റ്റേഷൻ, വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ, മേൽപറമ്പ് പോലീസ് സ്റ്റേഷൻ എന്നി സ്ഥാപനങ്ങളിലെ 12 വീതം ജീവനക്കാരുടെയും രക്ത സാമ്പിളുകൾ ശേഖരിക്കേണ്ടതുണ്ട്.
രക്തസാമ്പിളുകൾ ശേഖരിച്ച് ജില്ലാ ആശുപത്രിയിലെ ലാബിൽ എത്തിച്ചാണ് പരിശോധന നടത്തുന്നത് . രക്തത്തിലെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തുന്നതിലൂടെ സമൂഹത്തിലെ രോഗവ്യാപന നിരക്ക് അറിയുക എന്നതാണ് ലക്ഷ്യമെന്നും സർവ്വേ പ്രവർത്തനങ്ങൾക്കു എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ എ വി രാംദാസ് അറിയിച്ചു.

No comments