ഒന്നാം തിയതി മുതൽ സിമന്റ് വില വർദ്ധിപ്പിക്കാനൊരുങ്ങി കമ്പനികൾ ; ഇതോടെ സിമൻറ് വില 500 രൂപ കടക്കും
സിമന്‍റ് വിലയില്‍ റെക്കോര്‍ഡ് വര്‍ധന. ഒന്നാംതീയതി മുതല്‍ ഒരു ചാക്ക് സിമന്‍റിന് 15 രൂപ കൂട്ടുമെന്ന് കമ്പനികള്‍ വ്യാപാരികളെ അറിയിച്ചു. ഇതോടെ സിമന്‍റ് വില 500 രൂപ കടക്കും.
ലോക് ഡൗണ്‍ അവസാനിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങളുടെ വേഗം കൂടുന്ന സാഹചര്യം മുതലെടുത്ത് കൊള്ളലാഭം കൊയ്യാനാണ് സിമന്‍റ് കമ്പനികള്‍ ശ്രമിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. ഈ മാസം ഇത് രണ്ടാം തവണയാണ് കമ്പനികള്‍ വില കൂട്ടുന്നത്. മേയ് ആദ്യവാരം ഒരു തവണ വില കൂട്ടിയതാണ്. ഒന്നാംതീയതി ഇന്‍വോയ്സില്‍ 15 രൂപ കൂട്ടുന്നതോടെ മൊത്തവില 490 ആകും. ചില്ലറ വില്‍പന വില 510 വരെ ഉയരുമെന്നും വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ സിമന്‍റ് വിലയില്‍ നൂറുരൂപയുടെ വര്‍ധനയാണ് ഉണ്ടാകാന്‍ പോകുന്നത്. കമ്പനികള്‍ സംഘം ചേര്‍ന്ന് വില വര്‍ധിപ്പിക്കുന്നതിനെതിരെ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.
ലോക് ഡൗണിന് ഇളവ് നല്‍കി നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ മൂന്നുദിവസം തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും സിമന്‍റ് എത്തുന്നില്ല. കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതിനുള്ള ശ്രമമാണ് ഇതെന്നും ആരോപണമുണ്ട്. ചിലയിടങ്ങളില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ചില്ലറ വ്യാപാരികളിലേക്ക് സിമന്‍റ് എത്തുന്നതിന് തടസമാകുന്നുണ്ടെന്ന് ഒരു വിഭാഗം വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
No comments