Breaking News

ലോക്ഡൗണും വേനൽമഴയും; മലയോരത്തെ കശുവണ്ടി കർഷകർ ദുരിതത്തിൽ


വെള്ളരിക്കുണ്ട്: കൊവിഡ് ലോക്ഡൗണും വേനല്‍ മഴയും കശുവണ്ടി കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. കിലോയ്ക്ക് 110 രൂപ വരെ വില ലഭിച്ചിരുന്ന കശുവണ്ടിക്ക് ഇപ്പോള്‍ ലഭിക്കുന്നത് 50 രൂപയിൽ താഴെയാണ്.

സര്‍ക്കാര്‍ ഇടപെട്ട് അടിയന്തര പരിഹാരം കാണണമെന്നാണ് കശുവണ്ടി കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

തുടര്‍ച്ചയായ വേനല്‍ മഴ മലയോരത്തെ കശുവണ്ടി കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. രണ്ടാംഘട്ട കോവിഡ് ലോക്ഡൗണു കൂടി ആയതോടെ കര്‍ഷകരുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. മഴ തുടങ്ങിയതോടെ കശുവണ്ടിക്കു കറുപ്പു നിറം വന്നതാണ് വില കുത്തനെ കുറയ്ക്കാന്‍ കാരണമായത്. കഴിഞ്ഞ ഫെബ്രുവരി മാര്‍ച്ച് ഏപ്രില്‍ മാസത്തില്‍ കിലോയ്ക്ക് 110 രൂപ വിലയുണ്ടായിരുന്നു. എന്നാല്‍ 50 രൂപയ്ക്കു പോലും ഇപ്പോള്‍ വ്യാപാരികള്‍ കശുവണ്ടി എടുക്കാന്‍ തയ്യാറാകുന്നില്ല. മേയ് 30 വരെയാണ് സാധാരണ കശുണ്ടിയുടെ സീസണ്‍. ഇത്തവണ ഉല്‍പാദനവും കുറവായിരുന്നു. എന്നാല്‍ മഴ കാരണം ഉണ്ടാകുന്ന പ്രയാസങ്ങള്‍ കശുവണ്ടി കൃഷി മാത്രം ആശ്രയിച്ചു ജീവിക്കുന്ന കര്‍ഷകരെ കടുത്ത ദുരിതത്തിലാക്കിയ പശ്ചാത്തലത്തിലാണ് ഇരുട്ടടി പോലെ കൊവിഡ് ലോക്ഡൗണും പ്രഖ്യാപിച്ചത്. ഇതോടെ കിട്ടുന്ന കശുവണ്ടി പോലും വില്‍ക്കാന്‍ സാധിക്കാത്തതിന്റെ വിഷമത്തിലാണ് കര്‍ഷകരുള്ളത്. സര്‍ക്കാര്‍ ഇടപെട്ട് സഹകരണ സംഘങ്ങള്‍ വഴി കശുവണ്ടി സ്വീകരിക്കുകയോ ആഴ്ചയില്‍ രണ്ടു തവണയെങ്കിലും മലഞ്ചരക്ക് വ്യാപര സ്ഥപനങ്ങള്‍ തുറക്കുവാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്‌തെങ്കില്‍ മാത്രമേ നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്. 

കൃഷിഭവൻ മുഖാന്തിരം വർഷം തോറും നൂറ് കണക്കിന് കശുമാവിൻ തൈകൾ വിതരണം ചെയ്യുകയും എന്നാൽ കശുവണ്ടി കർഷരെ താങ്ങി നിർത്താൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും  കർഷകർക്ക് ആക്ഷേപമുണ്ട്

ഇടവിളയായി കശുമാവു കൃഷി ചെയ്യുന്ന കര്‍ഷകര്‍ ഇപ്പോള്‍ കശുവണ്ടി പെറുക്കിയെടുക്കാതെ ഉപേക്ഷിക്കുകയാണ്. കശുവണ്ടിക്ക് ഒരു ഏകീകൃത വിലയോ സംഭരണ സംവിധാനമോ ഇല്ലാത്തതും കര്‍ഷകര്‍ക്കു ദോഷം ചെയ്യുന്നുണ്ട്. ഇല കരിച്ചല്‍ രോഗവും പുഴു ശല്ല്യവും കാരണം കശുമാവുകള്‍ വ്യാപകമായി നശിക്കുന്നതും കര്‍ഷകരെ പ്രതിസന്ധിയിലാക്കുകയാണ്. എല്ലാ വര്‍ഷവും കൃഷിഭവന്‍ മുഖേന ഗ്രാഫ്റ്റ് ചെയ്ത കശുമാവിന്‍ തൈകള്‍ വിതരണം ചെയ്യുന്നത് അസമയത്തായതിനാല്‍ നടുന്നതു മിക്കതും വേരു പിടിക്കാറുമില്ല.

No comments