Breaking News

കോവിഡ് പ്രതിരോധ നിധിയിലേക്ക് കൈത്താങ്ങേകാൻ ബിരിയാണി ചാലഞ്ച് നടത്തി സഖാക്കൾ അമ്പലത്തറ കൂട്ടായ്മ


അമ്പലത്തറ: കൊവിഡ് പ്രതിരോധ പ്രവർത്തനം പ്രഖ്യാപിത ലക്ഷ്യമാക്കി സഖാക്കൾ അമ്പലത്തറ. ഇതിലേക്കുള്ള കരുതലിനായി ഈ നവ മാധ്യമ കൂട്ടായ്മ കഴിഞ്ഞ ദിവസം നടത്തിയ ബിരിയാണി ചലഞ്ചിന് വലിയ പിന്തുണയാണ് സമൂഹത്തിൽ നിന്നും ലഭിച്ചത്.                                    മനുഷ്യരാശിയെ മുൾമുനയിലാക്കി കൊറോണക്കാലം വന്നെത്തിയത് മുതൽ സർക്കാരിനൊപ്പം നിന്ന് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകി വരുന്ന നവ മാധ്യമ  കൂട്ടായ്മയാണ് സഖാക്കൾ അമ്പലത്തറ. ലോക്ക് ഡൗൺ മൂലം ജനജീവിതം വീട്ടകങ്ങളിൽ കുടുങ്ങിയ നാളുകളിലെല്ലാം സമാശ്വാസത്തിൻ്റെ സ്പർശനവുമായി കുടുംബങ്ങളിലെത്തിയ ഇവർ, ഇന്നും അതിൽ നിന്ന് ഒരടി പോലും പിന്നോട്ടു പോയിട്ടില്ല. പൊതുയിടങ്ങളിൽ അണു നശീകരണം നടത്തിയും, രോഗികളുടെ വീടുകൾ  അണുവിമുക്തമാക്കിയും മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചുമെല്ലാം കഴിഞ്ഞ ഒരു വർഷത്തിലേറെയായി സേവനത്തിൽ സജീവമായ ഇവർ ഇപ്പോഴും അത്  തുടരുകയാണ്. രോഗബാധിത പ്രദേശങ്ങൾക്ക് പ്രത്യേക പരിഗണ നൽകി കുടിവെള്ളവും  ഭക്ഷ്യക്കിറ്റും മരുന്നും  കൃത്യമായി നൽകി വരുന്നു. വീണ്ടും ഓൺലൈൻ   പഠനകാലം വന്നെത്തിയതോടെ ത്ത വഴിയിലേക്കും സഹായമെത്തിക്കാനുള്ള പരിശ്രമത്തിലാണിവർ. ഇതിനെല്ലാമുള്ള കരുതൽ കണ്ടെത്താനായി കഴിഞ്ഞ ദിവസം നടത്തിയ ബിരിയാണി ചലഞ്ചിന് പൊതു സമൂഹത്തിൻ നിന്ന് ലഭിച്ച വലിയ പിന്തുണ ഇവരുടെ നിസ്വാർത്ഥ സേവനത്തിനുള്ള കൈയ്യൊപ്പുകളായി. നൂറ് രൂപ നിരക്കിൽ മുൻകൂട്ടി ഓർഡർ സ്വീകരിച്ചായിരുന്നു മേള. സമയപരിധി നിശ്ചയിച്ചിട്ടും ചുരുങ്ങിയ ദിവസത്തിനകം പ്രാദേശിക പരിധിയിൽ നിന്നും 1600-ഓളം ഓർഡറുകൾ ലഭിച്ചു. ഇവർക്കെല്ലാം ഉച്ചയൂണിന് മുമ്പേ തന്നെ ബിരിയാണി വിടുകളിൽ എത്തിച്ചു നൽകുന്നതിലും പ്രവർത്തകർ പ്രതിജ്ഞാബദ്ധരായി. സി.പി.ഐ (എം) കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയംഗം  ജ്യോതി ബസു ബിരിയാണി ചലഞ്ച് ഉദ്ഘാടനം ചെയ്തു. ഏഴാംമൈൽ ലോക്കൽ സെക്രട്ടറി ബാബുരാജ്, ബ്രാഞ്ച് സെക്രട്ടറി മജീദ് അമ്പലത്തറ, സാലി മൂന്നാംമൈൽ, അനൂപ് മീങ്ങോത്ത്, അഭിലാഷ് കണ്ണോത്ത്, അരുൺ അമ്പലത്തറ, സജിത്ത് കണ്ണോത്ത് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സമൂഹമാധ്യമത്തിനപ്പുറം സമൂഹത്തിൽ സജീവമാകുന്നതാണ് യഥാർത്ഥ രാഷ്ട്രീയ പ്രവർത്തനമെന്നത് ഒരിക്കൽ കൂടി സമർത്ഥിക്കുകയാണ് സഖാക്കൾ അമ്പലത്തറ

No comments