Breaking News

കാസർകോട് ഓക്സിജൻ പ്ലാൻ്റിൻ്റെ ശിലാസ്ഥാപനം നാളെ മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിക്കും


കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായി കാസർകോട് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഓക്സിജൻ പ്ലാൻ്റിൻ്റെ ശിലാസ്ഥാപനം തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ ജൂൺ 7 ന് ഉച്ചയ്ക്കുശേഷം മൂന്നിന് ഓൺലൈനിൽ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും.രാജ് മോഹൻ ഉണ്ണിത്താൻ എം പി ടെലി മെഡിസിൻ സംവിധാനം ഉദ്ഘാടനം ചെയ്യും.എം.രാജഗോപാലൻ എം എൽ എ, ഇ.ചന്ദ്രശേഖരൻ എം എൽ എ, അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം എൽ എ, എൻ എ നെല്ലിക്കുന്ന് എം എൽ എ എ കെ എം അഷറഫ് എം എൽ എ എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു പ്രൊജക്ട് റിപ്പോർട്ട് അവതരിപ്പിക്കും. കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ.പി. രാജ് മോഹൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് എൽ സരിത,

കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സമീമ ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കർ ,

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ജില്ലാ മെഡിക്കൽ ഓഫീസർ (ഐഎസ്എം) ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ ഡോ.സി.തമ്പാൻ എന്നിവർ സംസാരിക്കും


പൊതുമേഖലയില്‍ ചട്ടഞ്ചാലില്‍ സ്ഥാപിക്കുന്ന കാസര്‍കോട് ഓക്സിജന്‍ പ്ലാന്റിന്റെ നിര്‍മാണചുമതല കൊച്ചി ആസ്ഥാനമായ കെയര്‍ സിസ്റ്റംസിന്. ഇ ടെണ്ടര്‍ വഴി ലഭിച്ച മൂന്ന് അപേക്ഷകളില്‍ നിന്നാണ് കെയര്‍ സിസ്റ്റംസിനെ തിരഞ്ഞെടുത്തത്. 1.87കോടിരൂപ ചിലവില്‍ 80 ദിവസത്തിനകം പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. 


 പദ്ധതിയുടെ 20ശതമാനം തുക മുന്‍കൂര്‍ ആയി നല്‍കും. 50 ശതമാനം തുക പ്ലാന്റ് സ്ഥാപിക്കുമ്പോഴും ബാക്കിയുള്ള 30ശതമാനം തുക നിര്‍മ്മാണ പൂര്‍ത്തീകരണ സമയത്തും നല്‍കും. 

കേരളത്തിന്റെ പുറത്ത് വിവിധ ഭാഗങ്ങളില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ച ഏജന്‍സിയാണ് കെയര്‍ സിസ്റ്റംസ്. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ജില്ല ഭരണകൂടത്തിന്റെയും കൂട്ടായ്മയിലാണ് ഓക്‌സിജന്‍ പ്ലാന്റ് പദ്ധതി നടപ്പിലാക്കുന്നത്.

ചട്ടഞ്ചാലിലുള്ള വ്യവസായ പാര്‍ക്കിലെ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള 50 സെന്റ് സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുക. സമീപഭാവിയില്‍ ഉണ്ടായേക്കാവുന്ന ഓക്സിജന്‍ പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലയില്‍ തന്നെ ഒരു ഓക്സിജന്‍ പ്ലാന്റ് എന്ന ആശയം ജില്ലാ ഭരണ നേതൃത്വം മുന്നോട്ട് വെച്ചത്. ഇതിനായി ഭൂമിക്ക് പുറമെ 50 ലക്ഷം രൂപയും ജില്ല പഞ്ചായത്ത് നല്‍കും. ജില്ലയിലെ മുഴുവന്‍ ഗ്രാമബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും പദ്ധതിക്കായി തുക വകയിരുത്തിയിട്ടുണ്ട്.


ദിവസം 200 സിലിണ്ടര്‍ ഓക്സിജന്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന പ്ലാന്റ് ആണ് ചട്ടഞ്ചാലില്‍ വരുന്നത്. പ്ലാന്റിന്റെ സിവില്‍ പ്രവൃത്തികള്‍ നിര്‍മ്മിതികേന്ദ്രം നടപ്പിലാക്കും. ജില്ല വ്യവസായ കേന്ദ്രം മാനേജര്‍ ആണ് പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍. ഭാവിയില്‍ വ്യാവസായികാവശ്യങ്ങള്‍ക്ക് കൂടി ഉപയോഗപ്പെടുത്താന്‍ പറ്റുന്ന തരത്തിലാണ് പ്ലാന്റ് നിര്‍മിക്കുന്നത്.

No comments