Breaking News

മലയോരത്തെ സിനിമാമോഹിയുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നു.. മഞ്ജുവാര്യർ നായികയാവുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് പാണത്തൂർ സ്വദേശി ആമിർ പള്ളിക്കാൽ


രാജപുരം: ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ പിറന്നാൾ ദിനത്തിൽ 'ആയിഷ' എന്ന പുതിയ ചിത്രത്തിന്‍റെ പേര് അനൗൺസ് ചെയ്തപ്പോൾ കാസർഗോഡ് ജില്ലയിലെ ഒരു മലയോരഗ്രാമത്തിൽ സിനിമ മാത്രം സ്വപ്നം കണ്ട് നടന്ന ഒരു ചെറുപ്പക്കാരന്‍റെ ജീവിതാഭിലാഷമാണ് പൂവണിഞ്ഞത്. പാണത്തൂർ പള്ളിക്കൽ സ്വദേശിയായ ആമിർ പള്ളിക്കലാണ് മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി ആദ്യത്തെ കമേഴ്സ്യൽ മലയാളം-അറബിക് ചിത്രമായ ആയിഷ സംവിധാനം ചെയ്യുന്നത്.


സർഗാത്മകമായ പഠനകാലം

ബളാന്തോട് ജിഎച്ച്എസ്എസിൽ നിന്നും പ്ലസ്ടു പൂർത്തിയാക്കിയശേഷം രാജപുരം സെന്‍റ് പയസ് ടെൻത് കോളജിലാണ് ആമിർ ബിഎ ഡെവലപ്മെന്‍റ് ഇക്കണോമിക്സിന് ചേരുന്നത്. ഷോർട്ട് ഫിലിം നിർമാണവും നാടകവതരണവും കഥാ-കവിതാരചനയുമൊക്കെയായി കലാരംഗത്ത് സജീവമായിരുന്നു. പലതവണ സാഹിത്യപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു. ഇവിടെ നിന്നും പിജിയും പൂർത്തിയാക്കി. പിന്നീട് കോഴിക്കോട്ടെ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ (സിയാസ്) ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ കോഴ്സിന് ചേർന്നു. ആമിർ സംവിധാനം ചെയ്ത ഇനു എന്ന ഹ്രസ്വചിത്രം യൂട്യൂബിൽ ശ്രദ്ധിക്കപ്പെട്ടു. ചില സിഗ്നേച്ചർ ഫിലിമുകളും ശ്രദ്ധേയമായി.


വഴിത്തിരിവായത് സക്കരിയയുമായുള്ള സൗഹൃദമാണ്.

സിയാസിലെ പൂർവവിദ്യാർഥി സക്കരിയയെ പരിചയപ്പെട്ടത് ആമിറിന് സിനിമാലോകത്തേയ്ക്കുള്ള വാതിൽ തുറന്നുകൊടുത്തു. സുഡാനി ഫ്രം നൈജീരിയ, ഹലാൽ ലൗ സ്റ്റോറി എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്‍റ് ഡയറക്ടറായി. മണിയറയിലെ അശോകൻ എന്ന ചിത്രത്തിന് വേണ്ടി ഒരു പാട്ടെഴുതി. ഇതിനിടെ സംവിധായകനാകാനുള്ള മോഹവുമായി പലരോടും കഥകൾ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. നിരാശനാകാതെ ആമിർ തന്‍റെ സിനിമാമോഹവുമായി മുന്നോട്ടുതന്നെ പോയി. ഇതിനിടെ സക്കരിയയുടെ രചനാസഹായിയായ ആഷിഫ് കക്കോടി തിരക്കഥയുമായി ആമിറിനെ കാണിച്ചു. അതോടെ തന്‍റെ ആദ്യസിനിമ ഇത് തന്നെയെന്ന് തീരുമാനിക്കുകയും ചെയ്തു. സ്ക്രിപ്റ്റ് കണ്ട മഞ്ജു വാര്യർ സമ്മതം മൂളിയതോടെ ഈ 29കാരന്‍റെ സംവിധായക സ്വപ്നവും പൂവണിഞ്ഞു. സക്കരിയ നിർമാണ ചുമതലയും ഏറ്റെടുത്തു.  


എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഫാമിലി എന്‍റർടെയിനറായിരിക്കും ആയിഷയെന്ന് ആമിർ പറഞ്ഞു. അടുത്തവർഷം ജനുവരിയിൽ ഖത്തറിൽ വെച്ചായിരിക്കും ചിത്രീകരണം. മറ്റു കഥാപാത്രങ്ങളെ തീരുമാനിച്ചിട്ടില്ല. ചിത്രത്തിൽ അറബ് അഭിനേതാക്കളുമുണ്ടാകുമെന്നും ആമിർ പറഞ്ഞു. പരിചയസമ്പന്നരായ കലാകാരന്മാരാണ് അണിയറയിൽ പ്രവർത്തിക്കുന്നത്. എം.ജയചന്ദ്രൻ സംഗീതവും വിഷ്ണു ശർമ ഛായാഗ്രഹണവും അപ്പു എൻ.ഭട്ടതിരി എഡിറ്റിംഗും പ്രശാന്ത് മാധവ് കലാസംവിധാനവും നിർവഹിക്കും.

No comments