Breaking News

ആനുകൂല്യങ്ങൾക്ക് ഇ ശ്രം പോർട്ടൽ; ജില്ലയിലെ അസംഘടിത മേഖലയിലെ തൊഴിലാളികൾ രജിസ്ട്രേഷൻ നടത്തണം

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച ഇ ശ്രം പോർട്ടലിൽ മുഴുവൻ തൊഴിലാളികളും രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് പിആർഡി ചേംബറിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 31നകം രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് തൊഴിൽ വകുപ്പ് നടത്തുന്നത്. ഒരു ലക്ഷത്തിൽപ്പരം അസംഘടിത തൊഴിലാളികൾ ജില്ലയിലുണ്ടെങ്കിലും നിലവിൽ 10200 തൊഴിലാളികൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്. 5300 അതിഥി തൊഴിലാളികൾ ജില്ലയിലുണ്ട്. അവരെ രജിസ്ട്രേഷന്റെ ഭാഗമാക്കും. 16നും 59നും ഇടയിൽ പ്രായമുള്ള ഇ.പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങൾ ലഭ്യമല്ലാത്തവരും ആദായ നികുതി പരിധിയിൽ വരാത്തവരുമായ അസംഘടിത മേഖലയിലെ തൊഴിലാളികൾ നിർബന്ധമായും ഇ ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഇ ശ്രം പോർട്ടൽ രജിസ്ട്രേഷൻ സംബന്ധിച്ച് വിവിധ ഭാഷകളിൽ തയ്യാറാക്കിയ പ്രചാരണ പോസ്റ്ററുകളും ജില്ലാ കളക്ടർ പ്രകാശനം ചെയ്തു.


അസംഘടിത മേഖലയിൽ ഉൾപ്പെട്ട വഴിയോര കച്ചവടക്കാർ, കർഷക തൊഴിലാളികൾ, എല്ലാ സ്ഥാപനങ്ങളിലെയും ഇ.പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങൾ ലഭ്യമല്ലാത്ത തൊഴിലാളികൾ, സ്വകാര്യ ട്യൂഷൻ/ കോച്ചിങ് കേന്ദ്രങ്ങൾ നടത്തുന്നവരും അവിടുത്തെ തൊഴിലാളികളും, മോട്ടോർ മേഖലയിലെ തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ, അംഗൺവാടി ടീച്ചർ, ആയമാർ, വീട്ടുജോലിക്കാർ, ആശാരിമാർ, കെട്ടിട നിർമാണ തൊഴിലാളികൾ, പലഹാര നിർമാണ തൊഴിലാളികൾ, പത്ര ഏജന്റുമാർ, വിതരണക്കാർ, കംപ്യുട്ടർ സെന്ററുകൾ നടത്തുന്നവർ തുടങ്ങിയ എല്ലാ അസംഘടിത തൊഴിലാളികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം. തൊഴിലാളികൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയോ കോമൺ സർവീസ് സെന്ററുകൾ വഴിയോ സൗജന്യമായി രജിസ്റ്റർ ചെയ്യാൻ സാധിക്കും. രജിസ്റ്റർ ചെയ്യുമ്പോൾ ഒ.ടി.പി ലഭിക്കുന്നതിന് തൊഴിലാളികൾ അവരുടെ ആധാർ കാർഡുമായി ലിങ്ക് ചെയ്ത മൊബൈൽ ഫോൺ നമ്പർ നൽകണം. അതില്ലാത്തവർക്ക് ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തിയതായും. ബാങ്ക് പാസ് ബുക്ക് വിവരങ്ങളും നൽകണമെന്നും ജില്ലാ ലേബർ ഓഫീസർ(എൻഫോഴ്സ്മെന്റ്) ജയശ്രീ.എ.കെ അറിയിച്ചു.


ഇ ശ്രം അംഗങ്ങളാകുന്നവർക്ക് പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന മുഖേന രണ്ട് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ലഭിക്കും. ദുരന്ത സാഹചര്യങ്ങളിൽ ദേശീയ തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന മറ്റ് സഹായങ്ങളും ലഭ്യമാകും. രജിസ്ട്രേഷൻ സമയത്ത് തൊഴിലാളികൾക്ക് അവരുടെ മുഴുവൻ വിവരങ്ങളും പോർട്ടലിൽ രേഖപ്പെടുത്താൻ അവസരമുണ്ട്. ഇത് സംബന്ധിച്ച് തൊഴിലാളി യൂണിയൻ പ്രതിനിധികളുടെ യോഗം വിളിച്ചതായും ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്, ഐ.ടി ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അബ്ദുൾസലാം.വി പറഞ്ഞു. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ദേശീയ ഹെൽപ്പ് ലൈൻ 14434, ജില്ലാ ലേബർ ഓഫീസ് കാസർകോട് 04994256950, അസി.ലേബർ ഓഫീസ് കാഞ്ഞങ്ങാട്- 04672204602, അസി.ലേബർ ഓഫീസ് കാസർകോട്- 04994 257850 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

No comments