സിഗ്സ്ടെക് മാർക്കറ്റിംഗ് തട്ടിപ്പ്; മലയോരത്തെ സ്റ്റേഷനുകളിലും നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു
കാഞ്ഞങ്ങാട്: സിഗ്സ്ടെക് മാർക്കറ്റിംഗ് കമ്പനി നടത്തിയ വൻ തട്ടിപ്പിൽ കുടുങ്ങി പണം നഷ്ടപ്പെട്ടവരുടെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് ആറ് കേസുകൾ കൂടി റജിസ്ട്രർ ചെയ്തു. വെള്ളരിക്കുണ്ട് പോലിസ് രണ്ട് പേരുടെ പരാതിയിലും കേസെടുത്തു. മുഴുവൻ കേസുകളിലും ഡയറക്ടർമാരായ ഏഴ് പേരാണ് പ്രതികൾ. ഹോസ്ദുർഗിൽ നേരത്തെ രണ്ടും അമ്പലത്തറയിൽ പത്തും കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
ചന്തേര, ചിറ്റാരിക്കാൽ, മേൽപ്പറമ്പ.നീലേശ്വരം പോലീസിലും കേസുണ്ട്.കുട്ടത്തോടെ പരാതിയെത്തി തുടങ്ങിയതോടെ പോലീസിൽ തട്ടിപ്പു കേസുകളുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. തളിപ്പറമ്പ് ചിറവക്ക് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന സിഗ്സ്ടെക്ക് മാർക്കറ്റിങ്ങ് ലിമിറ്റഡിന്റെ നിക്ഷേപത്തട്ടിപ്പിനിരയായവരുടെ എണ്ണത്തിൽ വർദ്ധന. കാസർകോട് ജില്ലയിൽ അമ്പലത്തറ, നീലേശ്വരം, ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷനുകളിലായി കഴിഞ്ഞ ദിവസം 15 കേസ്സുകളാണ് സ്ഥാപനത്തിനെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
സിഗ്സ്ടെക്ക് മാർക്കറ്റിങ്ങ് ലിമിറ്റഡിനെതിരെ കോടതി നിർദ്ദേശപ്രകാരം അമ്പലത്തറ പോലീസ് 9 വഞ്ചനാക്കേസ്സുകൾ റജിസ്റ്റർ ചെയ്തത്. ചിറ്റാരിക്കാൽ പോലീസ് 2 കേസ്സുകളും നീലേശ്വരം പോലീസ് 4 കേസ്സുകളുമാണ് കഴിഞ്ഞ ദിവസം റജിസ്റ്റർ ചെയ്തത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ കേസ്സെടുത്തിട്ടുണ്ട്.
കാലിച്ചാനടുക്കം കമല പ്ലാവിലെ നാരായണൻ നായരുടെ ഭാര്യ കമലാക്ഷിയിൽ നിന്നും 2014 മുതൽ 2018 വരെയുള്ള കാലയളവിൽ 96 തവണകളായി 50,000 രൂപയാണ് സ്ഥാപന നടത്തിപ്പുകാർ തട്ടിയെടുത്തത്. ആലത്തടി പൊരുന്നേടത്തെ സോജൻ ജോർജ്ജിൽ നിന്നും 45,000 രൂപയും പൊരുന്നേടത്തെ മേഴ്സി സോജനിൽ നിന്നും 60,000 രൂപയും സ്ഥാപനം നിക്ഷേപമായി തട്ടിയെടുത്തു. കാലിച്ചാനടുക്കം ജ്യോതി നഗറിലെ പി. സരോജിനിയുടെ 60, പക്കൽ നിന്നും 50,000 രൂപയും സ്ഥാപനം തട്ടിയെടുത്തു.
കാലിച്ചാനടുക്കം അച്ചുമ്മാടത്ത് വീട്ടിൽ ഏഎം അസീസിൽ നിന്നും 23,380 രൂപയും തായന്നൂരിലെ ചന്ദ്രന്റെ ഭാര്യ ബിന്ദുവിൽ നിന്നും 25,000 രൂപയും കാലിച്ചാനടുക്കം തൊട്ടിലായിയിലെ ടി. വിനുവിൽ നിന്നും 86 തവണകളായി 41,000 രൂപയും കാലിച്ചാനടുക്കം കുന്നത്തില്ലത്ത് സുബ്രഹ്മണ്യൻ എമ്പ്രാന്തിരിയിൽ നിന്നും 13,082 രൂപയും കാലിച്ചാനടുക്കം വിരുതുമൂലയിലെ സി.വി. ചന്ദ്രനിൽ നിന്നും 11,904 രൂപയും സ്ഥാപനം നിക്ഷേപത്തിന്റെ പേരിൽ തട്ടിയെടുത്തു.
ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പറമ്പയിൽ താമസിക്കുന്ന കെ.എം. സെബാസ്റ്റ്യൻ 76, നിക്ഷേപിച്ച 5813 രൂപയും തിരിച്ചു കിട്ടിയില്ല. ഒരു വർഷത്തെ നിക്ഷേപ കാലാവധിക്ക് ശേഷം 18,371 രൂപ തിരികെ കിട്ടുമെന്നാണ് തട്ടിപ്പ് സംഘം അദ്ദേഹത്തെ വിശ്വസിപ്പിച്ചത്. പറമ്പ കാഞ്ഞമല വീട്ടിൽ കെ.പി. ആന്റണിയുടെ ഭാര്യ മേരി ആന്റണി 2011 ഏപ്രിൽ മുതൽ 2014 ഫെബ്രുവരി വരെ 130 മാസതവണകളായാണ് സ്ഥാപനത്തിൽ 51,028 രൂപ നിക്ഷേപിച്ചത്. കാലാവധി തീരുമ്പോൾ 1,70,433 രൂപയും 18 ശതമാനം പലിശയും നൽകാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.
നീലേശ്വരം വാഴുന്നോറൊടി അടുക്കത്ത് പറമ്പത്തെ പ്രസന്ന രാജൻ 2017 ൽ 20,000 രൂപയാണ് സിഗ്സ്ടെക്ക് മാർക്കറ്റിങ്ങ് ലിമിറ്റഡിൽ നിക്ഷേപിച്ചത്. നീലേശ്വരം പള്ളിക്കര നരസിംഹ വീട്ടിൽ കെ.വി. ഹരിദാസ് 2015, 16 വർഷങ്ങളിലായി രണ്ടര ലക്ഷം രൂപയാണ് സഥാപനത്തിൽ നിക്ഷേപിച്ച് തുലച്ചത്. അടുക്കത്ത് പറമ്പത്തെ ബാലകൃഷ്ണൻ 2016 ൽ നിക്ഷേപിച്ച 75,000 രൂപയുടെ നിക്ഷേപവും തിരികെ ലഭിച്ചില്ല.
സിഗ്സ്ടെക്ക് മാർക്കറ്റിങ്ങ് കമ്പനിയുടമകൾക്കെതിരെ പരാതികളുടെ പ്രവാഹമാണ്. വരും ദിവസങ്ങളിൽ ഇവർക്കെതിരെ കൂടുതൽ കേസ്സുകളുണ്ടാകുമെന്നാണ് സൂചന. കോട്ടയം അയ്മനം അമ്പാടിക്കവല വൈഷ്ണവം വീട്ടിൽ പരേതനായ രാജേഷിന്റെ ഭാര്യ വൃന്ദാ രാജേഷ് നേതൃത്വം നൽകുന്ന ഏഴംഗ സംഘമാണ് സിഗ്സ്ടെക്ക് മാർക്കറ്റിങ്ങ് ലിമിറ്റഡിന്റെ പേരിലുള്ള നിക്ഷേപത്തട്ടിപ്പുകൾക്ക് പിന്നിൽ. പെരുമ്പള മേലത്ത് വീട്ടിൽ കുഞ്ഞിച്ചന്തുവാണ് കേസ്സിൽ രണ്ടാം പ്രതി.
No comments