Breaking News

എസ്ബിഐ എടിഎം കാർഡ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; തട്ടിപ്പ് തടയാനുള്ള പുതിയ ഒടിപി സംവിധാനം ഇങ്ങനെ


ന്യൂഡല്‍ഹി: എടിഎം കാര്‍ഡ് വഴിയുള്ള പണം തട്ടിപ്പ് വ്യാപകമാകുകയാണെന്ന പരാതികള്‍ക്കിടെ പ്രതിരോധ മാര്‍ഗവുമായി എസ്ബിഐ. ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പാസ് വേഡ് (ഒടിപി) വഴി തട്ടിപ്പുകള്‍ തടയാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ സംവിധാനമൊരുക്കി. രാജ്യത്തെ എടിഎം വഴിയുള്ള തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും സുരക്ഷ സംവിധാനങ്ങള്‍ ശക്തമാക്കുന്നതിനുമാണ് ഈ നീക്കം. 10,000 രൂപ മുതല്‍ മുകളിലേയ്ക്കുള്ള തുക പിന്‍വലിക്കുന്നതിന് ഇനി മുതല്‍ ഒടിപി സുരക്ഷ ഏര്‍പ്പെടുത്തന്നു.

ഓരോ പിന്‍വലിക്കലിനും രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിച്ച ഒടിപിക്കൊപ്പം ഉപഭോക്താവ് ഡെബിറ്റ് കാര്‍ഡ് പിന്‍ നല്‍കേണ്ടതുണ്ട്. എടിഎം കൗണ്ടറിലെത്തി പണം പിന്‍വലിക്കാനുള്ള ഓപ്ഷന്‍ നല്‍കിയാലുടന്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒടിപി നമ്പര്‍ അയക്കും. ഇത് നല്‍കുന്നതോടെ ഉപഭോക്താവിന് പണം പിന്‍വലിക്കാനാകും. എസ്ബിഐയുടെ എടിഎമ്മുകളില്‍ മാത്രമേ ഈ സൗകര്യം ലഭ്യമാകുകയുള്ളൂ. 2019 ഡിസംബര്‍ 26നാണ് ഒടിപി സംവിധാനം ഒരുക്കുന്നുവെന്ന് എസ്ബിഐ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. 2020 ജനുവരി 1 മുതല്‍ സംവിധാനം പ്രാബല്യത്തില്‍ വരുമെന്നായിരുന്നു ട്വീറ്റ്.

പണം പിന്‍വലിക്കല്‍ ഇങ്ങനെ.

സ്റ്റെപ് 1 : എടിഎം മെഷീനില്‍ ഡെബിറ്റ് കാര്‍ഡ് ഇടുക 

സ്റ്റെപ് 2 : പിന്‍വലിക്കേണ്ട തുക എത്രയെന്ന് എന്റര്‍ ചെയ്യുക 

സ്റ്റെപ് 3: ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിരിക്കുന്ന നിങ്ങളുടെ മൊബൈല്‍ നമ്പറിലേയ്ക്ക് ഒരു ഒടിപി എസ്എംഎസ് ആയി ലഭിക്കും 

സ്റ്റെപ് 4 : ഫോണില്‍ ലഭിച്ച ഒടിപി എടിഎം സ്‌ക്രീനില്‍ എന്റര്‍ ചെയ്യുക. 

സ്റ്റെപ് 5 : പണമിടപാട് പൂര്‍ത്തിയാക്കുക


No comments