മലയോരത്തെ സാധാരണക്കാരായ രോഗികൾക്ക് ദുരിതം സമ്മാനിച്ച് കാഞ്ഞങ്ങാട് ജില്ലാശുപത്രി..
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് താലൂക്ക് രൂപീകൃതമായിട്ട് കർഷങ്ങൾ കഴിഞ്ഞിട്ടും ആതുരശുശ്രൂഷ രംഗത്ത് കാര്യമായ പുരോഗമനമൊന്നും മലയോരത്ത് എത്തിയിട്ടില്ല. ഇപ്പഴും അത്യാസന്ന രോഗികൾക്ക് പ്രഥമ ശുശ്രൂഷ നൽകാൻ പോലും മലയോരത്ത് കൃത്യമായ സംവിധാനങ്ങൾ ഇല്ല എന്നതാണ് വസ്തുത. കൊന്നക്കാട് മലമുകളിൽ നിന്നു പോലും സാധാരണക്കാരായ രോഗികൾക്ക് ചികിത്സ ലഭ്യമാക്കാൻ കാഞ്ഞങ്ങാട് ജില്ലാശുപത്രിയെയാണ് ആശ്രയിക്കുന്നത്. എന്നാൽ ജില്ലാശുപത്രിയിൽ എത്തിയാൽ സ്ഥിതി പരിതാപകരമാണ്. കിലോമീറ്ററുകൾ താണ്ടി കാഞ്ഞങ്ങാടെത്തി മണിക്കൂറുകൾ ക്യൂ നിന്ന് ഡോക്ടറെ കാണാൻ നിൽക്കുന്ന രോഗികളെ കബളിപ്പിക്കുന്ന നിലപാടാണ് ആശുപത്രി അധികൃതർ സ്വീകരിക്കുന്നതെന്ന് മലയോരവാസികൾ പറയുന്നു. മലയോരത്തെ പട്ടികവർഗ കുടുംബങ്ങളിൽ നിന്നടക്കമുള്ള രോഗികൾ വാടക കൊടുത്ത് ടാക്സി വാഹനങ്ങളെ ആശ്രയിച്ചാണ് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ എത്തുന്നത് എന്നാൽ ഡോക്ടർമാർ നിസാര കാരണങ്ങൾ പറഞ്ഞ് രോഗികളെ മടക്കി അയക്കുകയാണെന്നാണ് പ്രധാന പരാതി. മലയോരത്തെ പാവപ്പെട്ട രോഗികൾ കിലോമീറ്ററുകൾ താണ്ടി വീണ്ടും വാഹനവാടക കൊടുത്ത് കാഞ്ഞങ്ങാടേക്ക് എത്തുന്നതിൻ്റെ ബുദ്ധിമുട്ട് മനസിലാക്കാത്തവരാണ് മനുഷ്യത്ത രഹിതമായി രോഗികളോട് പെരുമാറുന്നത്. രോഗികൾ ക്യൂ നിന്ന് ടെസ്റ്റ് റിപ്പോർട്ട് വാങ്ങിയോ, മുറിവ് ഡ്രെസ് ചെയ്തോ വരുമ്പഴേക്കും ഡ്യൂട്ടി ഡോക്ടർ കൃത്യ സമയത്ത് സ്ഥലം വിട്ടിരിക്കും, നാളെ വരാനുള്ള നിർദ്ദേശമാണ് പിന്നെ ലഭിക്കുക. കൂലി പണിയെടുത്ത് അന്നന്നത്തെ അന്നം തേടുന്ന പാവങ്ങളായ മലയോരത്തെ സാധാരണക്കാർ വീണ്ടും പിറ്റേന്ന് 50 കിലോമീറ്ററിൽ അധികം താണ്ടി കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ എത്തിച്ചേരേണ്ട ദുരവസ്ഥയെക്കുറിച്ചൊന്നും അവർക്ക് അറിയേണ്ട കാര്യമില്ല.
കഴിഞ്ഞ ദിവസങ്ങളിൽ കൊന്നക്കാട് നിന്നും രോഗിയേയും കൊണ്ട് ജില്ലാശുപത്രിയിലെത്തിച്ച ടാക്സി ഡ്രൈവറുടെ അനുഭവം വിവരിച്ചപ്പോഴാണ് രോഗികളോട് കാണിക്കുന്ന അവഗണനയുടെ യാഥാർത്ഥ ചിത്രം പുറത്തു വന്നത്. ആത്മാർത്ഥമായി ജോലി ചെയ്യുന്നവർ ഉണ്ടെങ്കിലും
ചില ജീവനക്കാരുടെ മനുഷ്യത്ത രഹിതമായ പെരുമാറ്റം കാരണം ജില്ലാശുപത്രിയുടെ പേരിന് കളങ്കം വീഴ്ത്തുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.
മലയോര ജനതയുടെ ആശ്രയ കേന്ദ്രമായ ജില്ലാശുപത്രിയിലെ ഈ ദുരവസ്ഥയ്ക്ക് എത്രയും പെട്ടന്ന് മാറ്റം വരണമെന്നാണ് മലയോര ജനത ഒന്നടങ്കം പറയുന്നത്.
റിപ്പോർട്ട്: ചന്ദ്രു
No comments