Breaking News

'സമ്പദ്ഘടനയിൽ പുതിയ ചാതുർവർണ്യം': ഡോ.ജോസ് സെബാസ്റ്റ്യൻ മലയോര സാംസ്കാരിക വേദി രണ്ടാമത് സംവാദ പരിപാടി വെളളരിക്കുണ്ടിൽ നടന്നു


വെള്ളരിക്കുണ്ട്: കേരളത്തിൻ്റെ സമ്പദ്ഘടനയിൽ പുതിയ ചാതുർവർണ്യ വ്യവസ്ഥ നിലനിൽക്കുന്നു എന്നും സർക്കാരിൽ നിന്ന് ശമ്പളവും പെൻഷനും വാങ്ങുന്നവരാണ് പുതിയ കാലത്തെ ബ്രാഹ്മണരെന്നും പ്രമുഖ സാമ്പത്തിക വിദഗ്ദനായ ഡോ.ജോസ് സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു. അൻപത് കൊല്ലം മുമ്പു് സർക്കാരിൻ്റെ വരുമാനത്തിൻ്റെ 15 ശതമാനത്തിൽ താഴെ മാത്രമായിരുന്നു മദ്യത്തിൽ നിന്നും ലോട്ടറിയിൽ നിന്നുമുണ്ടായിരുന്നതെങ്കിൽ ഇന്നത് 36 ശതമാനമായിരിക്കുന്നു. ഈ രണ്ടു് മേഖലയിലെയും  നികുതിദായകരിൽ മഹാഭൂരിപക്ഷവും പാവപ്പെട്ടവരാണ്. എന്നാൽ സംസ്ഥാനത്തിൻ്റെ സമ്പത്തിൻ്റെ വീതംവയ്പ്പിൽ അഞ്ചു ശതമാനത്തോളം വരുന്ന സർക്കാർ ജീവനക്കാർക്കാണ് അധികപങ്കും ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയോര സാംസ്കാരിക വേദി വെളളരിക്കുണ്ടിൽ സംഘടിപ്പിച്ച രണ്ടാമത് ചർച്ചാ പരിപാടിയിൽ വിഷയാവതരണ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.കേരളമെത്തി നിൽക്കുന്ന ഈ പ്രതിസന്ധിയെ മറികടക്കാൻ സമ്പന്നരിൽ നിന്നു് കൂടുതൽ നികുതി പിരിക്കാൻ സന്നദ്ധമാവുകയും വിപണിയിൽ പണം ചിലവഴിയ്ക്കുന്നവരുടെ പക്കൽ നികുതി വരുമാനത്തിൻ്റെ പങ്ക് എത്തത്തക്കവിധത്തിൽ സാർവ്വത്രിക പെൻഷൻ സമ്പ്രദായം നടപ്പിലാക്കുകയും വേണമെന്ന് ഡോ.ജോസ് സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു. അലോഷ്യസ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബാബു കോഹിനൂർ, പി.ജി.ദേവു്, പി.സുരേഷ് കുമാർ, ഷാജൻ പൈങ്ങോട്ടു്, ബേബി ചെമ്പരത്തി തുടങ്ങിയവർ ചർച്ചകളിൽ ഇടപെട്ട് സംസാരിച്ചു.സണ്ണി പൈകട സ്വാഗതവും ഷോബി ജോസഫ് കൃതജ്ഞതയും പറഞ്ഞു.

No comments