ബളാൽ പഞ്ചായത്തിലെ വീടുകളിലും സ്ഥാപനങ്ങളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വാർഡ് തല ശുചിത്വ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തും
വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്തിലെ വീടുകളിലും സ്ഥാപനങ്ങളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വാർഡ് തല ശുചിത്വ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തും. ജല സ്രോതസുകൾ മലിനമാക്കുന്നത്, മാലിന്യം നിക്ഷേപിച്ചത് / വലിച്ചെറിഞ്ഞത് എന്നിവയുടെ ഫോട്ടോ എടുക്കും. തുടർ നടപടിയുമുണ്ടാകും. മെയ് 10 നുള്ളിൽ ഓരോ വാർഡ് ശുചിത്വകമ്മിറ്റി, വാർഡുതല ക്ലസ്റ്ററുകളുടെ അംഗങ്ങൾ എന്നിവർ ചേർന്ന് വിപുലമായ വാർഡ് യോഗം ചേരും. 1-4 -2023 മുതൽ പഞ്ചായത്ത് നിശ്ചയിച്ച പ്രകാരം വീടുകൾ 50 രൂപ പ്രകാരവും സ്ഥാപനങ്ങൾ 100 രൂപ പ്രകാരവും യൂസർ ഫീ നൽകണം. പ്ലാസ്റ്റിക് തുടങ്ങി അജൈവ വസ്തുകൾ വൃത്തിയായി ഹരിത കർമ്മ സേനക്ക് കൈമാറണം. ജൈവ മാലിന്യങ്ങൾ അതാത് സ്ഥാപനം / വീട് സ്വയം സംസ്കരിക്കാൻ ശാസ്ത്രീയ മാർഗം ഉണ്ടാക്കണം. മാലിന്യങ്ങൾ പൊട്ടക്കിണറ്റിൽ നിക്ഷേപിക്കുന്നത് ജലമലിനീകരണത്തിനും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുന്നതിനാൽ ഒരിക്കലും ചെയ്യരുത്. നിയമ വിരുദ്ധമായ പ്ലാസ്റ്റിക് ഉല്പന്നങ്ങൾ കടകളിൽ സൂക്ഷിക്കരുത്. എല്ലാ സ്ഥാപനങ്ങളിലും പരിശോധന നടത്താൻ സംവിധാനം ഉണ്ടാക്കും. മെയ് 10 ന് മുന്പ് വ്യാപാരി വ്യവസായികളുമായി ഇത് സംബധിച്ച് ചർച്ച ചെയ്യും. സർക്കാർ / കോടതി നിർദേശം അടിയന്തിരമായി പാലിച്ച് റിപ്പോർട്ട് നൽകേണ്ടതുണ്ട്. ഇതിനായി ഇന്ന് പഞ്ചായത്ത് ഹാളിൽ പ്രത്യേക യോഗം ചേർന്നു. പഞ്ചായത്തിന്റെ നടപടികളുമായി ഏവരും സഹകരിക്കണമെന്ന് പ്രസിഡന്റ് രാജു കട്ടക്കയം അറിയിച്ചു.
No comments