Breaking News

അമ്പലത്തറ ഗുരുപുരം വ്യാജ നിരോധിത നോട്ടുകൾക്ക് പിന്നിൽ രണ്ടംഗ സംഘം പ്രതികളെ രണ്ട് പേരെയും തിരിച്ചറിഞ്ഞു

 


കാഞ്ഞങ്ങാട്: അമ്പലത്തറ ഗുരുപുരത്ത് അടച്ചിട്ട വീട്ടിലെ കള്ളനോട്ടിന് പിന്നിൽ രണ്ടംഗ സംഘമെന്ന് വ്യക്തമായി. അബ്ദുൾ റസാഖിന് പുറമെ ബേക്കൽ പൊലീസ് പരിധിയിലെ സുലൈമാനും കള്ളനോട്ട് ഇടപാടിൻറെ മുഖ്യ കണ്ണിയാണെന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ  പറഞ്ഞു. പ്രതികൾ കേരളം വിട്ടിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. പുത്തൂരുമായി ബന്ധമുള്ള ആളാണ് സുലൈമാനെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇത്രയേറെ കള്ളനോട്ടുകൾ എന്തിന് സൂക്ഷിച്ചെന്നത് സംബന്ധിച്ച് പ്രതികൾ പിടിക്കപ്പെട്ടാലെ വ്യക്തമാകൂ. ആർ. ബി. ഐ യിൽ ഇപ്പോഴും നോട്ടുകൾ മാറാൻ സാഹചര്യമുണ്ടെന്നിരിക്കെ ഏജന്റ് മാർ പ്രവർത്തിക്കുന്നുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മറ്റ് വിധത്തിൽ കള്ളനോട്ട് കാണിച്ച് തട്ടിപ്പ് നടത്താൻ പ്രതികൾ ലക്ഷ്യമിട്ടിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കേസ് ക്രൈംബ്രാഞ്ചിന് വിടണമോ എന്നത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിയാണ് തീരുമാനമെടുക്കേണ്ടത്. പ്രതികൾക്കായി പൊലീസ് വല വിരിച്ച് കഴിഞ്ഞിട്ടുണ്ട്. ഗുരു പുരത്തെ
വീട്ടിൽ നിന്നും കണ്ടെത്തിയത് ആറുകോടി 96 ലക്ഷത്തിന് തുല്യമായ വ്യാജ കറൻസികളെന്ന് എണ്ണൽ പൂർത്തിയായതോടെ മനസ്സിലായി.
പെട്രോൾ പമ്പിന് വടക്കുഭാഗത്തെ വീട്ടിൽ നിന്നായിരുന്നു കള്ളനോട്ടുകൾ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് ഇവിടെ താമസിച്ചുവന്ന അബ്ദുൽ റസാഖിനെ പ്രതിചേർത്താണ് അമ്പലത്തറ പൊലീസ് കേസെടുത്തിട്ടുള്ളത്.കള്ളനോട്ടുകൾ കണ്ടെത്തി 28 മണിക്കൂറുകൾക്കു ശേഷമാണ് പൊലീസിന് പ്രഥമ വിവര പട്ടിക തയ്യാറാക്കാനായത്.ഇത്രയും നോട്ടുകൾ എണ്ണി നമ്പറുകൾ സഹിതം റെക്കോർഡാക്കാൻ 24ലധികം മണിക്കൂർ സമയം എടുത്തതാണ് എഫ് .ഐ .ആർ തയ്യാറാക്കുന്നതും വൈകിച്ചത്. ബുധനാഴ്ച രാത്രി 7. 45നാണ് പൊലീസ് കള്ളനോട്ടുകൾ കണ്ടെത്തുന്നത്. എണ്ണുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് ഇന്നലെ രാത്രി 12 മണിയോടെയാണ്.11.58 നാണ് പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കിയത്.
28 മണിക്കൂർ നീണ്ട അധ്വാനത്തിനു ശേഷമാണ് പൊലീസിന് വ്യാജ നോട്ടുകളുടെ എണ്ണം തിട്ടപ്പെടുത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കാനാ യത്.ഇൻസ്പെക്ടർ കെ.പ്രജീഷിന്റെ പരാതിയിലാണ് അബ്ദുൽ റസാഖിനെതിരെ കേസെടുത്തത്.കണ്ടെത്തിയ നോട്ടുകെട്ടുകൾ ഇന്ന് കോടതിയിൽ ഹാജരാക്കും.അതേസമയം കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താനായില്ല.

No comments