Breaking News

ഹൊസ്സങ്കടിയിൽവെച്ച് കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന അഞ്ചരക്കിലോ കഞ്ചാവ് പിടികൂടി


എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം തിങ്കളാഴ്ച പുലര്‍ച്ചെ 5.40ന് ഹൊസങ്കടിയില്‍ കുമ്പള റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഹരീഷ് കുമാറും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ഹൊസ്സങ്കടിയില്‍വെച്ച് കേരള കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കടത്തുകയായിരുന്ന അഞ്ചരക്കിലോ കഞ്ചാവ് പിടികൂടിയത്. ബസിനകത്ത് ബാഗില്‍ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇതിനിടയില്‍ ബാഗിന്റെ ഉടമസ്ഥനെന്ന് കരുതുന്ന നാല്‍പതു വയസ്സു തോന്നിക്കുന്ന ആള്‍ ബസില്‍ നിന്നു ഇറങ്ങിയോടി. എക്സൈസ് ഉദ്യോഗസ്ഥര്‍ പിന്നാലെ ഓടിയെങ്കിലും ദേശീയ പാതയുടെ മീഡിയനുകളും ഡിവൈഡറുകളും ചാടിക്കടന്ന് ഇയാള്‍ രക്ഷപ്പെട്ടു. പ്രതിക്കായുള്ള തിരച്ചില്‍ തുടരുന്നുണ്ടെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പ്രിവന്റീവ് ഓഫീസര്‍ കെപി മനാസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ ഹമീദ്, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ലീമ എന്നിവരടങ്ങിയ സംഘമാണ് വാഹന പരിശോധന നടത്തിയത്. കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് വ്യാപകമായി മയക്ക് മരുന്ന് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ കടത്ത് വ്യാപകമായതോടെയാണ് സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കിയത്.





No comments