നീതി അയോഗ് ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം; സൗത്ത് സോൺ തലത്തിൽ ഒന്നാം റാങ്ക് നേട്ടവുമായി പരപ്പ ബ്ലോക്ക് പഞ്ചായത്ത്
വെള്ളരിക്കുണ്ട് : നീതി അയോഗ് ഇന്ന് പ്രഖ്യാപിച്ച ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം ഡിസംബർ 2023 (ക്വാർട്ടറിലെ) റാങ്കിംഗിൽ സൗത്ത് സോൺ തലത്തിൽ പരപ്പ ബ്ലോക്കിന് ഒന്നാം റാങ്ക് ലഭിച്ചു.
ദക്ഷിണ മേഖലയിലെ 64 ബ്ലോക്കുകളിലാണ് പരപ്പ ഒന്നാമതെത്തിയത്.
കൃത്യമായ ആസൂത്രണത്തിലൂടെ ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിൻ്റ വിവിധ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ ബ്ലോക്കു പഞ്ചായത്തിനേയും അതിനായി പ്രവർത്തിച്ച വിവിധ വകുപ്പുകളേയും ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അഭിനന്ദിച്ചു.
പരപ്പ ബ്ലോക്ക് പരിധിയിലെ കിനാനൂർ കരിന്തളം, ബളാൽ, പനത്തടി, കള്ളാർ, കോടോം ബേളൂർ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തുകൾ ഈ നേട്ടം കൈവരിക്കുന്നതിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയതായും കളക്ടർ പറഞ്ഞു. ആരോഗ്യവും പോഷകവും വിദ്യാഭ്യാസം, കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും, അടിസ്ഥാന സൗകര്യം, സാമൂഹിക വികസനം എന്നീ അഞ്ചു വിശാല മേഖലകളിലെ 39 സൂചകങ്ങളിലെ വളർച്ച ആണ് ഈ പരിപാടി കൊണ്ട് ലക്ഷ്യമാക്കുന്നത്.
ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിൻ്റെ ഭാഗമായി സമ്പൂർണത അഭിയാൻ എന്ന പരിപാടിയാണ് ഇപ്പോൾ നടന്നു വരുന്നത്. ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിൻ്റെ ആറ് ലക്ഷ്യങ്ങൾ മൂന്നു മാസത്തിനകം പൂർത്തീകരികേണ്ട പരിപാടിയാണിത്.
ഗുണഭോക്തൃ രജിസ്ട്രേഷൻ, സമ്പൂർണത മേള സാംസ്കാരിക പരിപാടികൾ എ ബി സി ഡി പ്രോഗ്രാം തുടങ്ങിയവ സംഘടിപ്പിച്ച പരപ്പബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ വികസനത്തിനുള്ള നിരവധി പദ്ധതികൾ നിലവിൽ നടപ്പിലാക്കി വരികയാണ്.
No comments