പ്രായപൂർത്തിയായ പെൺകുട്ടിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതിക്ക് 42 വർഷം തടവും 3,10,000രൂപ പിഴയും
കാഞ്ഞങ്ങാട്: പ്രായപൂർത്തിയായ പെൺകുട്ടിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതിക്ക് 42 വർഷം തടവും 3,10,000രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ഒരു മാസവും അധിക തടവിനും ശിക്ഷ വിധിച്ചു. മടിക്കൈ കണ്ടംകുട്ടിച്ചാലിയിലെ എബിൻ ജോസഫ്
പവിത്ര (30)ന് എതിരെയാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് പി എം സുരേഷ് ആണ് ശിക്ഷ വിധിച്ചത്. 2022 ഫെബ്രുവരി മാസം മുതൽ 2023 ഫെബ്രുവരി മാസം വരെയുള്ള പല ദിവസങ്ങളിൽ പ്രതി വിവാഹിതനാണെന്നുള്ള കാര്യം മറച്ചുവെച്ച് സ്നേഹം നടിച്ച് പതിനാറു വയസ്സുള്ള പെൺകുട്ടിയെ പ്രതി താമസിച്ച് വരുന്ന വാടക ക്വാർട്ടേഴ്സിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്.
ഇന്ത്യൻ ശിക്ഷാ നിയമം 506(1) പ്രകാരം 2 വർഷം സാധാരണ തടവും, 10,000രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ ഒരു മാസം അധിക തടവും, 376(3) പ്രകാരം 20 വർഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും,പിഴ അടച്ചില്ലെങ്കിൽ ആറു മാസം അധിക തടവും,പോക്സോ ആക്ട് പ്രകാരം 20 വർഷം കഠിനതടവും, ഒന്നരലക്ഷം രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ ആറുമാസവുമാണ് ശിക്ഷ വിധിച്ചത് .ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. നീലേശ്വരം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി . കേസിന്റെ ആദ്യ അന്വേഷണം നടത്തിയത് അന്നത്തെ ഇൻസ്പെക്ടർ ഓഫ് പോലീസ് ആയ കെ.പി ശ്രീഹരിയും, അന്വേഷണം പൂർത്തീകരിച്ച് പ്രതിക്കെതിരെ കോടതിയിൽ കുറ്റ പത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്പെക്ടർ ഓഫ് പോലീസുമായിരുന്ന കെ. പ്രേംസദനാണ്. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരൻ ഹാജരായി.
No comments