Breaking News

"റോഡ് ഒന്ന് ടാർ ഇട്ട് തന്നിരുന്നെങ്കിൽ എന്നെ ചുമന്ന് കൊണ്ടുപോവാതെ വാഹനത്തിൽ ആശുപത്രിയിൽ പോകാമായിരുന്നു '' കിഴക്കേ ചെമ്പൻക്കുന്ന് - കൂരാംകുണ്ട് റോഡ്‌ ടാർ ചെയ്യണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം


വെള്ളരിക്കുണ്ട് : തകർന്നു കിടക്കുന്ന കിഴക്കേ ചെമ്പൻക്കുന്ന് - കൂരാംകുണ്ട്  റോഡ്‌ ടാർ ചെയ്യണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം. വെള്ളരിക്കുണ്ട് ടൗണിനടുത്ത് സ്ഥിതി ചെയുന്ന കിനാനൂർ കരിന്തളം പഞ്ചായത്ത് പത്താം വാർഡിലെ 19 ഓളം കുടുംബങ്ങൾ ഉപയോഗിക്കുന്ന മൺ റോഡാണ് ചെമ്പൻക്കുന്ന് - കൂരാംകുണ്ട്  റോഡ്‌. 

കിനാനൂർ പഞ്ചായത്ത് ആസ്തിയിലുളൾപ്പെട്ട ഈ മൺ റോഡ്‌ ടാർ ചെയ്യണമെന്ന ആവശ്യമുന്നയിച്ചു നിരവധി തവണ പഞ്ചായത്തിനെയും ബ്ലോക്കിനെയും സമീപിച്ചെങ്കിക്കും ഫണ്ടില്ല എന്ന കാരണം പറഞ്ഞു പരിഹാരം കാണാതെ ഒഴിവാക്കുകയായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു.

20 വർഷമായി മരത്തിൽ നിന്നും വീണ് ശരീരം തളർന്നു കിടക്കുന്ന തമ്പാന് ആവശ്യം ഒന്ന് മാത്രം റോഡ്‌ ഒന്ന് ടാർ ചെയ്തു കിട്ടിയിരുന്നെങ്കിൽ ആശുപത്രിയിൽ പോവാൻ ചുമന്നു കൊണ്ട് പോവേണ്ട ആവശ്യം വരില്ല എന്നതൊന്ന് മാത്രം. തകർന്ന മൺ റോഡ്‌ ആയതിനാൽ ഓട്ടോറിക്ഷയോ കാറോ ഈ വഴി വരില്ലെന്നും അകലെയുള്ള വെള്ളരിക്കുണ്ട്- ചെറുപുഴ റോഡ്‌ വരെയെങ്കിലും എത്താൻ പരസഹായം വേണമെന്നും അതിനാൽ വീടിനടുത്തു കൂടി പോകുന്ന ചെമ്പൻക്കുന്ന് - കൂരാംകുണ്ട്  റോഡ് ടാർ ചെയ്തു തന്നാൽ ഈ പ്രദേശത്തെ താൻ അടക്കമുള്ള രോഗാവസ്ഥയിലുള്ള പലർക്കും ആശുപത്രിയിലും മറ്റു ആവശ്യങ്ങൾക്കും പോകുവാൻ അത്‌ വളരെ ഒരു ഉപകാരമാകുമെന്ന് തമ്പാൻ പറയുന്നു.

അടുത്ത് വരുന്ന വെള്ളരിക്കുണ്ട് താലൂക്ക് അദാലത്തിൽ  കിഴക്കേ ചെമ്പൻക്കുന്ന് - കൂരാംകുണ്ട് റോഡിന്റെ ദയനീയ അവസ്ഥ കാണിച്ചു പരാതി കൊടുത്താൽ പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ്  പ്രദേശവാസികൾ..


ഹരികൃഷ്ണൻ വെള്ളരിക്കുണ്ട് 

No comments