Breaking News

മാസങ്ങളായി നാട്ടുകാരുടെ ഉറക്കം കെടുത്തി മടിക്കൈയിലെ പുലി സാന്നിധ്യം


മടിക്കൈ : മാസങ്ങളായി നാട്ടുകാരുടെ ഉറക്കം കെടുത്തി മടിക്കൈയിലെ പുലി സാന്നിധ്യം. പഞ്ചായത്തിലെ ഒന്ന്, നാല് വാർഡുകളിലാണ് പുലിഭീതി കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയുള്ളത്. ഒരു മാസത്തിനുള്ളിൽ പുലിയെ കണ്ടത്ത് പത്തിലേറെ തവണ. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയും നാട്ടുകാർ പുലിയെ കണ്ടു. വെള്ളിയാഴ്ച രാത്രി 9.30 ഓടെ ഓട്ടോ ഡ്രൈവർ തായങ്കടയിലെ കുഞ്ഞിരാമനും ബന്ധുക്കളായ രണ്ട് സ്ത്രീകളും പുലിയെ കണ്ടു. ഇവർ സഞ്ചരിച്ച ഓട്ടോയ്ക്ക് കുറുകെ ഓടിയ പുലി തായങ്കടയിലെ ദാമോദരൻ നായരുടെ വീടിന്റെ മതിലിൽ കയറിയിരിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് ടാപ്പിങ് തൊഴിലാളി വാഴക്കോട് കക്കട്ടിൽ ടി ചന്ദ്രൻ ടാപ്പിങ്ങിനിടെ പുലിയെ കണ്ടത്. പാറക്കെട്ടിന് മുകളിൽ നിന്ന് ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. ഒച്ച വച്ചപ്പോൾ പാറക്കെട്ടിൽനിന്ന് തിരിച്ചുപോയി. സുരക്ഷിത താവളം കണ്ടെത്തിയതിനാലാണ് സ്ഥിരമായി ഇവിടെ പുലിയെ കാണുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഒരിടവേളക്കുശേഷം കഴിഞ്ഞ മാസം 15നാണ് നെല്ലിടുക്കത്തെ ബിജുവിന്റെ വീട്ടുമുറ്റത്തെ വളർത്തുനായയുടെ കൂടിന് സമീപം പുലിയെ കണ്ടത്. തൊട്ടടുത്ത ദിവസം വാഴക്കോട്ട് പ്രവാസിയായ ഉണ്ണികൃഷ്ണന്റെ വീട്ടു മുറ്റത്തും പുലിയെത്തി.കഴിഞ്ഞ 21 ന് വാഴക്കോട് തട്ടുമ്മലിയിലെ നന്ദിനിയുടെ വീട്ടുപരിസത്തും പുലിയെ കണ്ടു. 23ന് കാഞ്ഞിരപ്പൊയിൽ തോട്ടിനാട് പച്ചക്കുണ്ടിലെ ചാന്തുക്കുട്ടിയുടെ ആടിനെ നാട്ടുകാർ നോക്കിനിൽക്കെ പുലി കടിച്ചു കൊന്നു.26 ന് നെല്ലിത്തറ എക്കാലിലും പുലിയെ കണ്ടിരുന്നു. കോടോം ബേളൂർ പഞ്ചായത്തിലെ എണ്ണപ്പാറയിലും പുലിയെ കണ്ടതായി പറയുന്നു. ഈ മാസം 11 ന് കാരാക്കോട് മാധവന്റെ വീടിനടുത്തുള്ള നായക്കൂടിനുസമീപം പുലിയെ കാണ്ടു.13 ന് പട്ടത്ത് മൂലയിലെ വെള്ളച്ചിയുടെ വളർത്തുനായയെ പുലി കടിച്ചുകൊന്നിരുന്നു. വാഴക്കോട്, നെല്ലിയടുക്കം, വെള്ളൂട, കാരാക്കോട്, ചുണ്ട, പച്ചക്കുണ്ട്, തോട്ടിനാട്ട്, എച്ചിക്കാനം പ്രദേശങ്ങളിൽ പുലി വിഹരിക്കുകയാണ്. രണ്ട് ദിവസം മുമ്പ് വെള്ളൂട
ക്ഷേത്രത്തിന്റെ സിസിടിവി ക്യാമറയിൽ പുലിയെ കണ്ടതായി പറയുന്നു. ഇവിടെ ടാപ്പിങ് തൊഴിലാളികൾക്ക് ജോലിയെടുക്കാൻ പറ്റാത്ത സാഹചര്യമാണ്.
അതിരാവിലെ ജോലിക്ക് പോകുന്നവരും നടന്നുവരുന്ന വിദ്യാർഥികളും വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ. കഴിഞ്ഞദിവസം കാരാക്കോട്ട് പള്ളത്തിങ്കാലിൽ
പള്ളത്തിന് സമീപം വെള്ളം കുടിക്കാൻ പുലിയെത്തുമെന്ന പ്രതീക്ഷയോടെ കാമറ സ്ഥാപിച്ചിരുന്നുവെങ്കിലും കണ്ടെത്താനായില്ല.

No comments