Breaking News

നാല് വയസുകാരിയ്‌ക്കെതിരായ ലൈംഗികാതിക്രമം; നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ്




കോഴിക്കോട് : നാല് വയസുകാരിയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസിൽ ഒളിവിൽ പോയ നടനും ഹാസ്യതാരവുമായ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി കോഴിക്കോട് കസബ പൊലീസ്. ജയചന്ദ്രന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് കസബ പൊലീസ് ജയചന്ദ്രനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കുട്ടിയിൽ നിന്നും മൊഴിയെടുത്തിരുന്നു.

2024 ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒളിവിലാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഇതിനിടെ പ്രതി കോഴിക്കോട് പോക്‌സോ കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നല്‍കി. എന്നാൽ, ജൂലായ് 12ന് ജാമ്യാപേക്ഷ തള്ളി. ഇതിനെ തുടർന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ പ്രതിയായ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി കാണിച്ച് കുട്ടിയുടെ ബന്ധു സംസ്ഥാന പൊലീസ് മേധാവിക്കും കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. പ്രതി വിദേശത്തേക്കു രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും ഭീഷണിയുണ്ടെന്നും ഇക്കാരണത്താൽ കുട്ടിയെ സ്‌കൂളില്‍ വിടാനാകുന്നില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

No comments