ചൂതാട്ടം തടയാൻ എത്തിയ പൊലീസിനു നേരെ അക്രമം ; കല്ലേറിൽ പൊലീസ് ജീപ്പിന്റെ ചില്ല് തകർന്നു
കാസർകോട്: ചൂതാട്ടം തടയാൻ എത്തിയ പൊലീസിനു നേരെ അക്രമം. കല്ലേറിൽ പൊലീസ് ജീപ്പിന്റെ ചില്ല് തകർന്നു. അക്രമ സംഭവത്തിൽ കേസെടുത്ത പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി രാവണീശ്വരത്തിനടുത്ത് തണ്ണോട്ടാണ് സംഭവം. ഉത്സവസ്ഥലത്ത് കുലുക്കിക്കുത്ത് എന്ന ചൂതാട്ടം നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് കൺട്രോൾ റൂമിലെ വാഹനത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ ചൂതാട്ടക്കാർ ചിതറിയോടി. പിന്നീട് ചൂതാട്ടക്കാർ തിരിച്ചെത്തി പൊലീസിനു നേരെ കല്ലെറിയുകയായിരുന്നുവെന്നു പറയുന്നു. വിവരമറിഞ്ഞു കൂടുതൽ പൊലിസ് സ്ഥലത്തെത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. സ്ഥലത്തു നിന്നു രണ്ടു ഫോണുകൾ പൊലീസിനു ലഭിച്ചതായാണ് സൂചന. ഫോണിലെ നമ്പർ പരിശോധിക്കുന്നതിലൂടെ ചൂതാട്ടം നടത്താനെത്തിയവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
No comments