മലയോരത്ത് തുടങ്ങാനിരിക്കുന്ന അനിശ്ചിതകാല കർഷകസ്വരാജ് സത്യാഗ്രഹത്തിനായുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായി കണ്ണൂരിൽ നിയമശില്പശാല സംഘടിപ്പിക്കുന്നു
വെള്ളരിക്കുണ്ട്: വന്യജീവി ശല്യമുൾപ്പെടെയുള്ള കാർഷിക വിഷയങ്ങളുന്നയിച്ച് തുടങ്ങാനിരിക്കുന്ന അനിശ്ചിതകാല കർഷകസ്വരാജ് സത്യാഗ്രഹത്തിനായുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായി കണ്ണൂരിൽ നിയമശില്പശാല സംഘടിപ്പിക്കുന്നു. വനം-വന്യജീവി നിയമങ്ങളും ജനജീവിതവും എന്നതാണ് ശില്പശാലയിലെ ചർച്ചാ വിഷയം. കർഷകസ്വരാജ് സത്യാഗ്രഹ സമിതി കണ്ണൂർ ജില്ലാ ഗാന്ധി സെൻ്റിനറി സൊസൈറ്റിയുടെ സഹകരണത്തോടെ ഏപ്രിൽ 2 ബുധനാഴ്ചരാവിലെ 10 മണി മുതൽ ഉച്ച കഴിഞ്ഞ് 3 മണി വരെ കണ്ണൂർ മഹാത്മാ മന്ദിരത്തിൽ വച്ചാണ് ശില്പശാല സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിയമവിദഗ്ദരും വിവിധ കർഷക-ആദിവാസി സംഘടനകളുടെ നേതാക്കളും ശില്പശാലയിൽ പങ്കെടുക്കും. നിലവിലുള്ള വനം-വന്യജീവി നിയമങ്ങളനുസരിച്ച് വന്യജീവി ആക്രമണങ്ങളെ തടയാനുള്ള സാധ്യതകളും പരിമിതികളും ശില്പശാലയിൽ ചർച്ച ചെയ്യും. കൂടാതെ ഈ വിഷയവുമായി ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന നിയമങ്ങളിൽ വരുത്തേണ്ട ഭേദഗതികൾ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾക്കും ശില്പശാലയിൽ രൂപം കൊടുക്കും.
No comments