Breaking News

വനം വകുപ്പ് വിരിയിച്ച പാലപ്പൂവൻ ആമകളുടെ കുഞ്ഞുങ്ങളുടെ ആദ്യ ബാച്ചിനെ പയസ്വിനിപ്പുഴയിലിറക്കി


മുളിയാർ : വനം വകുപ്പ് വിരിയിച്ച പാലപ്പൂവൻ ആമകളുടെ കുഞ്ഞുങ്ങളുടെ ആദ്യ ബാച്ചിനെ പയസ്വിനിപ്പുഴയിലിറക്കി. ശുദ്ധജലത്തിൽ കാണുന്ന ജില്ലയുടെ തനത് ഇനമായ 18 പാലപ്പൂവൻ (ഏഷ്യൻ ജയന്റ് സോഫ്റ്റ് ഷെൽ ടർട്ടിൽ) ആമക്കുഞ്ഞുങ്ങളെ
ബേഡഡുക്ക പഞ്ചായത്തിലെ ബാവിക്കര അരമനപ്പടിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബിയും ഡപ്യൂട്ടി വനം കൺസർവേറ്റർ പി ബിജുവും ചേർന്നാണ് പുഴയിലിറക്കിയത്.ജില്ലാ പഞ്ചായത്ത്, ജില്ലയുടെ തനത് ജന്തുവിഭാഗമായി പ്രഖ്യാപിച്ച പാലപ്പൂവൻ ആമകളെ സംരക്ഷിക്കാൻ വനം വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗം പ്രത്യേക ശ്രദ്ധയാണ് പതിപ്പിക്കുന്നത്. നിലവിൽ ഒമ്പത് കൂടുകളിലായി മുട്ടകൾ പരിപാലിക്കുന്നുണ്ട്. ഇതിൽ ആദ്യം
വിരിഞ്ഞവയെയാണ് പുഴയിലേക്ക് വിട്ടത്. പാണ്ടിക്കണ്ടം ഹരിത സമിതി പ്രസിഡന്റ് കെ മുരളീധരൻ, അരിയിൽ ഹരിത സമിതി പ്രസിഡന്റ് പി ശശിധരൻ നായർ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റർ എൻ വി സത്യൻ, വനം ജീവനക്കാരായ എം സുന്ദരൻ, ഒ എ ഗിരീഷ് കുമാർ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.
പയസ്വിനിയുടെ സ്വന്തം ആമ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ അപൂർവമായി കണ്ടുവരുന്നതും വംശനാശഭീഷണി നേരിടുന്നതുമായ പാലപ്പൂവൻ ആമകളുടെ സാന്നിധ്യം ഏറ്റവും കുടുതലുള്ളത് ചന്ദ്രഗിരിപ്പുഴയുടെ പോഷകനദിയായ പയസ്വിനിയിലാണ്. ശുദ്ധജലത്തിലും അഴിമുഖത്തോട് ചേർന്ന ഉപ്പുവെള്ളത്തിലും വസിക്കുന്ന പാലപ്പൂവൻ ആമകളെക്കുറിച്ച് ഉത്തർപ്രദേശുകാരിയായ ഗവേഷക ആയുഷി ജയിൻ, ജീവശാസ്ത്രജ്ഞൻ നന്ദൻ ജയകുമാർ എന്നിവർ പഠനം നടത്തുന്നുണ്ട്. കരയോട് ചേർന്ന മണൽത്തിട്ടകളിലാണ് ഡിസംബർ അവസാനത്തോടെ ഇവ മുട്ടയിടുക. 80 മുതൽ 100 വരെ മുട്ടയുണ്ടാകും. വിരിയാൻ മൂന്നുമാസമെടുക്കും. ചത്തുപോകുന്ന മീനുകളെയും മറ്റും ഭക്ഷിച്ച് പുഴയുടെ അടിത്തട്ടിൽ ജീവിക്കുന്ന പാലപ്പൂവൻ ആമകൾക്ക് ഒരു ക്വിന്റൽവരെ തൂക്കവും 60 വർഷത്തോളം ആയുസുമുണ്ട്.

No comments