Breaking News

മണ്ണെടുപ്പ് 
ഉത്സവം ; മൺപാത്ര നിർമാണത്തിന് അടുത്ത ഒരു വർഷത്തേക്ക് വേണ്ട മണ്ണ് ശേഖരണത്തിന് എരിക്കുളത്ത് തുടക്കം


കാഞ്ഞിരപ്പൊയിൽ : മൺപാത്ര നിർമാണത്തിന് അടുത്ത ഒരു വർഷത്തേക്ക് വേണ്ട മണ്ണ് ശേഖരണത്തിന് എരിക്കുളത്ത് തുടക്കം. പരമ്പരാഗത മൺപാത്ര നിർമാണം നടക്കുന്ന ജില്ലയിലെ പ്രധാനകേന്ദ്രമാണ് മടിക്കൈയിലെ എരിക്കുളം. ഉത്സവാന്തരീക്ഷത്തിൽ ആചാരാനുഷ്ഠാനങ്ങളോടെയാണ് എരിക്കുളം വയലിൽ മണ്ണ് ശേഖരിക്കൽ. മേടം രണ്ടു മുതൽ പത്തു ദിവസമാണ് മണ്ണെടുപ്പുത്സവം. വിഷു ദിനത്തിൽ എരിക്കുളം വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ വിളക്ക് കത്തിച്ചാൽ ക്ഷേത്രവുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും വിളക്ക് തെളിയും. ഏരിക്കുളം വയൽ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന്റെയും ചില സ്വകാര്യ വ്യക്തികളുടെയും കൈവശമാണ്. എന്നാൽ വയലിൽനിന്ന് മണ്ണെടുക്കാൻ പ്രതിഫലം ആരും വാങ്ങാറില്ല. എടുക്കുന്ന മണ്ണ് കൂനകൂട്ടും. ഇത് ഏകദേശം 5 മീറ്ററിൽ അധികം ഉയരത്തിലുണ്ടാകും. ഈ മണ്ണ് വീടിനടുത്തുള്ള പ്രത്യേകം കുഴിയിൽ നിക്ഷേപിക്കും. ഒരു വർഷം വെയിലും മഴയും കൊണ്ടാലേ കലം ഉണ്ടാക്കാനുള്ള പാകത്തിൽ മണ്ണ് എത്തൂ. മണ്ണടുത്താൽ വൈകാതെ വയലിലെ കുഴികൾ മൂടും. മൺപാത നിർമാണത്തിനെടുത്ത അത്രയും അളവ് കഴിച്ചുള്ള മണ്ണ് കുഴിയുടെ വക്കിൽത്തന്നെ കൂട്ടിയിട്ടിട്ടുണ്ടാകും. അരക്കോൽ ആഴത്തിലെടുത്ത കളിമണ്ണിന് പകരം ചെമ്മണ്ണ് നിറയ്ക്കും. ഇതിനും കണക്കുണ്ട്. കുഴിയിൽ നിന്നെടുത്ത മേൽത്തട്ടിലെ പാറമണ്ണിനും ഉൾത്തട്ടിലെ ചേടിമണ്ണിനും ഇടയിലാണ് ചെമ്മണ്ണ് നിറയ്ക്കുക. പാടത്തെ കുഴികളിൽ പുറമേ നിന്നുള്ള ചെമ്മണ്ണിട്ടാൽ മണ്ണിന്റെ പോഷകശേഷി ഇല്ലാതാക്കുമെന്നതിനാലാണ് ശാസ്ത്രീയമായി കുഴികൾ മൂടുന്നത്. നാലോ അഞ്ചോ വർഷം കഴിയുമ്പോൾ ഈ ചെമ്മണ്ണും വയലിലെ മണ്ണിന്റെ ഘടനയിലെത്തിച്ചേരുന്നു. എരിക്കുളത്തെ വയലിൽ നിന്നെടുക്കുന്ന കളിമണ്ണിൽ 20 ശതമാനം കാത്സ്യമുണ്ടെന്നാണ് പഠനറിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കാത്സ്യം, പൊട്ടാസ്യം, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ മൂലകങ്ങൾ ഏതൊരു കളിമണ്ണിലും ഉണ്ടാകും. എന്നാൽ ഇത്രയധികം കാത്സ്യമടങ്ങിയ കളിമണ്ണ് അപൂർവമായേ ഉണ്ടാകാറുള്ളൂവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

No comments