Breaking News

ജില്ലയുടെ മലയോരത്ത് കാട്ടുപോത്തിന്റെ വിളയാട്ടം കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് പരിക്ക്


അഡൂർ : ജില്ലയുടെ മലയോരത്ത് വീണ്ടും കാട്ടുപോത്തിന്റെ വിളയാട്ടം. കാട്ടുപോത്തിന്റെ ആക്രമണത്തിൽ പള്ളഞ്ചി ബാളങ്കയ സ്വദേശി ബി. കുഞ്ഞിരാമനാണ് (75) പരിക്കേറ്റത്. നെച്ചിപ്പടുപ്പിലെ കടയിൽ പോയി മടങ്ങുന്നതിനിടെ വ്യാഴാഴ്ച രാവിലെ ഒൻപതോടെയാണ് ആക്രമണമുണ്ടായത്. വീട്ടുപറമ്പിലെ കൃഷി സംരക്ഷിക്കുന്നതിനുള്ള വല വാങ്ങി വീട്ടിലെത്തുന്നതിന് അരക്കിലോമീറ്റർ അകലെ പ്രദേശവാസിയായ ചിദംബര നായ്ക്കിന്റെ തോട്ടത്തിന് സമീപത്തുവെച്ചാണ് കാട്ടുപോത്ത് ആക്രമിച്ചത്.

തോളെല്ല്, കൈ, വാരിയെല്ല്, കാൽ തുടങ്ങിയവയ്ക്ക് ഗുരുതരമായ പരിക്കുണ്ട്. കൈയിലെ എല്ല് പൊട്ടി പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു. രക്തംവാർന്ന നിലയിൽ വീട്ടിൽ എത്തിയശേഷം കുഞ്ഞിരാമൻതന്നെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. അവരാണ് ആംബുലൻസ് വിളിച്ച് ചെർക്കളയിലെ ആസ്പത്രിയിൽ എത്തിച്ചത്. ജില്ലയിലെ വനാതിർത്തി ഗ്രാമങ്ങളിൽ കാട്ടുപന്നി, കാട്ടാന, കാട്ടുപോത്ത് തുടങ്ങിയവയുടെ ആക്രമണം രൂക്ഷമാണ്. ഈ സാഹചര്യത്തിൽ പകൽ പോലും ഭയത്തോടെയല്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു.

No comments