കുടുംബശ്രീ ജില്ലാ കലോത്സവം കയ്യൂരിൽ ഇന്ന് ‘അരങ്ങു’ണരും
കാഞ്ഞങ്ങാട് : സമരേതിഹാസങ്ങളുടെ ചരിത്രം രചിച്ച കയ്യൂരിൽ കുടുംബശ്രീ -ഓക്സിലറി
അംഗങ്ങളുടെ കലോത്സവം "അരങ്ങ് 25ന് വെള്ളിയാഴ്ച തുടക്കമാകും. കലോത്സവം ജനകീയോത്സവമാക്കി മാറ്റാൻ ഒരുങ്ങുകയാണ് കയ്യൂർ ജനത. ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലാണ് മൂന്നുനാൾ നീളുന്ന കലോത്സവം. 32 സ്റ്റേജ് ഇനങ്ങളിലും 16 സ്റ്റേജിതര ഇനങ്ങളിലുമായി ആയിരത്തിലധികം അയൽക്കൂട്ടം,ഓക്സിലറി അംഗങ്ങൾ മത്സരങ്ങളിൽ മാറ്റുരയ്ക്കും. 18 മുതൽ 40 വരെ ജൂനിയർ, 40നുമുകളിൽ സീനിയർ തലത്തിലാണ് മത്സരം. വെള്ളിയാഴ്ച സ്റ്റേജിതര മത്സരങ്ങളാണ്. ലളിതഗാനം, മിമിക്രി, മോണോ ആക്ട്, മാപ്പിളപ്പാട്ട്, പ്രച്ഛന്നവേഷം, സംഘഗാനം, നാടൻപാട്ട്, കഥാപ്രസംഗം,മാർഗംകളി, സ്കിറ്റ്, ചവിട്ടുനാടകം, ശിങ്കാരിമേളം മത്സരങ്ങൾ ശനിയാഴ്ചയും ഭരതനാട്യം, തബല, കുച്ചുപ്പുടി, വയലിൻ,മോഹിനിയാട്ടം, ഓടക്കുഴൽ,കേരളനടനം, ട്രിപ്പിൾ ജാസ്, നാടോടി നൃത്തം, ഒപ്പന, തിരുവാതിര, സംഘനൃത്തം മത്സരങ്ങൾ ഞായറാഴ്ചയാണ്. ശനി രാവിലെ 10.30 ന് മന്ത്രി എ കെ ശശീന്ദ്രൻ കലോത്സവം ഉദ്ഘാടനം ചെയ്യും. ഞായർ വെകിട്ട് അഞ്ചിന് സമാപന സമ്മേളനം എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് എ ജി അജിത് കുമാർ, അസി. ജില്ലാ മിഷൻ കോഡിനേറ്റർമാരായ ഡി ഹരിദാസ്, സി എം സൗദ, പ്രോഗ്രാം മാനേജർ രത്നഷ്, ആർ രജിത, അമ്പിളി എന്നിവർ പങ്കെടുത്തു കലോത്സവത്തിൽ ഇന്ന് രാവിലെ -9.30 ചിത്രരചന (പെൻസിൽ, ജലച്ചായം), കാർട്ടൂൺ, കൊളാഷ്, കഥാരചന (മലയാളം, ഹിന്ദി, അറബിക്, കന്നഡ, തമിഴ്, ഇംഗ്ലീഷ്), കവിതാരചന (മലയാളം, ഹിന്ദി, അറബിക്, കന്നഡ, തമിഴ്, ഇംഗ്ലീഷ്), കവിത പാരായണം (മലയാളം, ഹിന്ദി, തമിഴ്, അറബിക്, ഇംഗ്ലീഷ്, കന്നട), പ്രസംഗം (മലയാളം).
No comments