Breaking News

മാക്കൂട്ടം ചുരം റോഡില്‍ വൈക്കോല്‍ ലോറി നിയന്ത്രണം വിട്ട് പുഴക്കരയിലേക്ക് മറിഞ്ഞു


മാക്കൂട്ടം ചുരം റോഡില്‍ കൂട്ടുപുഴക്ക് സമീപം വൈക്കോല്‍ ലോറി റോഡിലെ കുഴി വെട്ടിക്കാനുള്ള ശ്രമത്തിനിടയില്‍ നിയന്ത്രണം വിട്ട് പുഴക്കരയിലേക്ക് മറിഞ്ഞു.ലോറിയിലുണ്ടായിരുന്ന മൂന്ന് ജീവനക്കാർ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കർണാടകത്തിലെ മാണ്ഡ്യയില്‍ നിന്നും വൈക്കോലുമായി കൂത്തുപറമ്ബിലേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വെള്ളം നിറഞ്ഞ റോഡിലെ വലിയ കുഴി വെട്ടിക്കാനുള്ള ശ്രമത്തിനിടയില്‍ ലോറി നിയന്ത്രണം വിടുകയായിരുന്നു.

തലനാരിഴക്കാണ് ലോറി പുഴയിലേക്ക് മറിയാതിരുന്നത്. അഞ്ച് മീറ്ററില്‍ അധികം താഴ്ചയുള്ള പുഴയിലേക്ക് വാഹനം തെന്നിമാറിയിരുന്നെങ്കില്‍ വലിയ അപകടമായിരുന്നു സംഭവിക്കുക. കർണ്ണാടകത്തില്‍ നിന്നും നിരവധി ലോറികളാണ് വൈക്കോലും കയറ്റി കേരളത്തിലേക്ക് എത്തുന്നത്. വേനല്‍കാലങ്ങളില്‍ കേരളത്തിലേക്കുള്ള വൈക്കോല്‍ കടത്തിന് കർണ്ണാടക നിയന്ത്രണം ഏർപ്പെടുത്തു. കർണ്ണാടകത്തില്‍ വൈക്കോലിന് ക്ഷാമം നേരിടുന്നത് തടയാനാണ് നിയന്ത്രണം വരുത്തുന്നത്. ഇത് മറികടക്കുന്നതിന് വേണ്ടിയാണ് മഴക്കാലത്ത് കൂടുതലായി വൈക്കോല്‍ കേരളത്തിലേക്ക് കടത്തുന്നത്.

പുനർ നിർമ്മാണം നടക്കുന്ന ചുരം റോഡില്‍ കൂട്ടുപുഴ മുതല്‍ മാക്കൂട്ടം വരേയുള്ള അഞ്ച് കിലോമീറ്ററും പെരുമ്ബാടിയില്‍ നിന്ന് ചുരം ഭാഗത്തേക്കുള്ള നാലുകിലോമീറ്ററും പൂർണ്ണമായും തകർന്നിരിക്കുകയാണ്. ഇതുമൂലം ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് രാത്രിയാത്ര അപകടകരമായി മാറുന്നു.


No comments