Breaking News

ഓണവിപണി ലക്ഷ്യമിട്ട് ഓട്ടോഡ്രൈവര്‍ കടത്തിയത് 39 ലിറ്റര്‍ മദ്യം; വാഹനമുള്‍പ്പെടെ കസ്റ്റഡിയിലെടുത്ത് എക്‌സൈസ്


കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് വില്‍പന നടത്താന്‍ അനധികൃതമായി മാഹിയില്‍ നിന്ന് മദ്യം എത്തിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറെ എക്‌സൈസ് പിടികൂടി. നാദാപുരം വളയം സ്വദേശി തട്ടിന്റെപൊയില്‍ ശ്രീനാഥ്(35) ആണ് പിടിയിലായത്. നാദാപുരം, പാറക്കടവ്, വളയം മേഖലകളില്‍ ഇയാള്‍ അനധികൃതമായി മദ്യം എത്തിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളില്‍ നിന്ന് 39ലിറ്റര്‍ മദ്യവും പതിവായി മദ്യം കടത്താന്‍ ഉപയോഗിച്ചിരുന്ന ഓട്ടോയും പിടിച്ചെടുത്തിട്ടുണ്ട്.

ഇന്ന് രാവിലെ ചൊക്ലിയില്‍ നടത്തിയ പരിശോധനയിലാണ് ശ്രീനാഥ് പിടിയിലാകുന്നത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മാഹി, പള്ളൂര്‍ പ്രദേശങ്ങളില്‍ എക്‌സൈസ് സംഘം പരിശോധന ശക്തമാക്കിയിരുന്നു. ഈ സമയം സംശയാസ്പദമായ സാഹചര്യത്തില്‍ കെഎല്‍ 18 ക്യൂ 6490 നമ്പറില്‍ അല്ലൂസ് എന്ന പേരിലുള്ള ഓട്ടോറിക്ഷ ഇതുവഴി വരികയും തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധിക്കുകയുമായിരുന്നു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പി പ്രമോദ്, യു ഷാജി, സുകേഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പി ഷാജി, വി എന്‍ സതീഷ് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

No comments