അസ്ഥിപൊട്ടി പ്ലാസ്റ്ററിട്ട വിദ്യാർഥിക്ക് സ്കൂളിലെത്തിയപ്പോൾ ഉച്ചഭക്ഷണം ഉരുളകളാക്കി നൽകുന്ന കുന്നുംകൈ എയുപി സ്കൂളിലെ പാചകത്തൊഴിലാളി സിനി സിബിയാണ് സമൂഹ മാധ്യമങ്ങളിലെ വൈറൽ താരം
ഭീമനടി : സ്നേഹം വാരിക്കോരി നൽകിയെന്ന് പറയാറില്ലേ. അതുപോലൊരു നേർക്കാഴ്ചയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.... വീണ് അസ്ഥിപൊട്ടിയ വിദ്യാർഥി പ്ലാസ്റ്ററിട്ട് സ്കൂളിലെത്തിയപ്പോൾ ചോറ് കറികളിൽ മുക്കി ഉരുളകളാക്കി നൽകുന്ന കുന്നുംകൈ എയുപി സ്കൂളിലെ പാചകത്തൊഴിലാളി സിനി സിബിയാണ് മനസുനിറയ്ക്കുന്ന കാഴ്ചയായത്. കഴിഞ്ഞ ദിവസം വീണ് കെ ഒടിഞ്ഞതിനാൽ ഭക്ഷണം കഴിക്കാൻ കഴിയാതെ വിഷമിക്കുന്ന ഏഴാം ക്ലാസ് വിദ്യാർഥി എളേരി തൊട്ടിയിൽ ഉന്നതിയിലെ രാജേഷിന്റെ മകൻ ജ്യോതിഷിനെ ബഞ്ചിലിരുത്തി ചോറ് വാരിക്കൊടുക്കുന്നത് കണ്ട സ്കൂളിലെ അധ്യാപിക അനീസയാണ് രംഗം സിനി അറിയാതെ മൊബൈലിൽ പകർത്തിയത്. ഇത് സ്കൂൾ ഗ്രൂപ്പിൽ ഇട്ടതോടെ അഭിനന്ദന പ്രവാഹമായി. 200 കുട്ടികൾക്ക് ഉച്ചഭക്ഷണം ഒരുക്കുന്ന സിനി കുട്ടികൾക്ക് വെറും പാചകക്കാരി മാത്രമല്ല. അമ്മയാണ്, ചേച്ചിയാണ്, കൂട്ടുകാരിയാണ്, അവരുടെ എല്ലാം എല്ലാമാണ്. മുൻ പാചകക്കാരി കുറുമ്പിയേട്ടിയുടെ വിയോഗ ശേഷമാണ് സിനി പാചകത്തിന്റെ ഉത്തരവാദിത്വം ഏൽക്കുന്നത്. അന്നത്തെ പിടിഎ കമ്മിറ്റിയുടെ ഭാഗമായിരുന്ന സിനി ചുമതല സ്വമേധയ ഏൽക്കുകയായിരുന്നു. രാവിലെ സ്കൂളിൽ എത്തുന്ന കുട്ടികൾ സിനിയെ കണ്ട് ഗുാണിങ് പറഞ്ഞേ ക്ലാസിൽ കയറൂ. ഓരോ കുട്ടികളോടും അവർ വിശേഷം ചോദിച്ചറിയും. അവരുടെ പ്രയാസങ്ങൾ കേൾക്കും. ആശ്വസിപ്പിക്കും. മുൻ വർഷങ്ങളിൽ പഠിച്ച് മറ്റു സ്കൂളുകളിലേക്ക് പോയവർ സ്കൂളിന് മുന്നിലൂടെ ബസിൽ പോകുമ്പോൾ ഉറക്കെ അവരുടെ സിനിചേച്ചിയെ വിളിച്ച് ടാറ്റാ പറയുന്നത് യാത്രക്കാർക്ക് കൗതുകമാണ്.
No comments