ബംഗ്ലാദേശിൽ യുവാവിനെ തല്ലിക്കൊന്ന് കത്തിച്ച് അക്രമികൾ; ആശങ്കപ്പെടുത്തുന്ന വാർത്തയെന്ന് പ്രിയങ്കാ ഗാന്ധി...പ്രവാചകനെ അപമാനിച്ചു എന്നാരോപിച്ചാണ് ദിപുനെ അക്രമികള്‍ മര്‍ദിച്ചുകൊന്നത്
ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി തല്ലിക്കൊന്ന് കത്തിച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി പ്രിയങ്കാ ഗാന്ധി. ദിപു ചന്ദ്രദാസ് എന്ന ഇരുപത്തിയഞ്ച് വയസുമാത്രം മാത്രയുളള യുവാവിനെയാണ് ആള്‍ക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയത്. വാര്‍ത്ത അങ്ങേയറ്റം അസ്വസ്ഥമാക്കുന്നതാണെന്നും ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. എക്‌സിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
'ബംഗ്ലാദേശില്‍ ഹിന്ദു യുവാവായ ദിപു ചന്ദ്രദാസിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത അത്യന്തം ആശങ്കാജനകമാണ്. ഏതൊരു പരിഷ്‌കൃത സമൂഹത്തിലും മതം, ജാതി, സ്വത്വം എന്നിവയെ അടിസ്ഥാനമാക്കിയുളള വിവേചനം, അക്രമം, കൊലപാതകം എന്നിവ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളാണ്. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളായ ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ മതവിഭാഗങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ ഇന്ത്യ ജാഗ്രത പുലര്‍ത്തുകയും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും വേണം': പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥി നേതാവ് ഷരീഫ് ഒസ്മാന്‍ ഖാദി വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശില്‍ ഹിന്ദുവിരുദ്ധ പ്രതിഷേധങ്ങളും കലാപങ്ങളും അരങ്ങേറുന്നതായി വാര്‍ത്തയുണ്ടായിരുന്നു. അതിനിടെയാണ് മൈമെന്‍സിംഗ് പട്ടണത്തില്‍ ഇരുപത്തിയഞ്ചുകാരനായ ദിപുവിനെ ഒരുസംഘം അക്രമികള്‍ അടിച്ചുകൊന്ന് മൃതദേഹം മരത്തില്‍ കെട്ടിയിട്ട് കത്തിച്ചത്. ഭലുകയില്‍ ഒരു പ്രാദേശിക ഗാര്‍മെന്റ്‌സ് ഫാക്ടറിയില്‍ ജോലി ചെയ്യുകയായിരുന്നു ദിപു ചന്ദ്രദാസ്. പ്രവാചകനെ അപമാനിച്ചു എന്നാരോപിച്ചാണ് ദിപുനെ അക്രമികള്‍ മര്‍ദിച്ചുകൊന്നത്.
No comments