പടന്നക്കാട് വീട്ടിൽനിന്ന് സ്വർണവും വിലപിടിപ്പുള്ള വാച്ചും പണവും കവർന്ന കേസിൽ വേലക്കാരിയെയും ഭർത്താവിനെയും പൊലീസ് പ്രതി ചേർത്തു
കാഞ്ഞങ്ങാട് : വീട്ടിൽനിന്ന് സ്വർണവും വിലപിടിപ്പുള്ള വാച്ചും പണവും കവർന്ന കേസിൽ വേലക്കാരിയെയും ഭർത്താവിനെയും പൊലീസ് പ്രതി ചേർത്തു. ഒന്നരമാസം മുന്പ് പടന്നക്കാട് പള്ളിക്ക് സമീപത്തെ സൈനബയുടെ വീട്ടിലെ മേശവലിപ്പിൽ സൂക്ഷിച്ച ഏഴുപവൻ സ്വർണമാല, ഒരു ലക്ഷം രൂപ വിലയുള്ള റാഡോ വാച്ച്, 1000 രൂപ എന്നിവ മോഷ്ടിച്ച കേസിൽ പ്രതികളായ വീട്ടുവേലക്കാരി സുഹ്റ, ഭർത്താവ് അബ്ദുൾ ലത്തീഫ് എന്നിവരെയാണ് ഹൊസ്ദുർഗ് പൊലീസ് പ്രതി ചേർത്തത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. ഇവർക്ക് കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. സുഹ്റയെയും ഭർത്താവിനെയും സംശയിക്കുന്നതായി സൈനബ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. പൊലീസ് ഇവരെ കേസിൽ ആദ്യം പ്രതി ചേർത്തിരുന്നില്ല. അതിനിടെ വേലക്കാരിയും ഭർത്താവും പോലീസ് അന്വേഷണത്തിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി അന്വേഷണം തടസപ്പെടുത്താൻ ശ്രമിച്ചു. തുടർന്ന് ഇരുവരും ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ മോഷണം പോയ റാഡോ വാച്ച് കണ്ടെടുത്തു. രണ്ടാംപ്രതി ഭർത്താവ് കാസർകോട് പഴയ ബസ് സ്റ്റാൻഡിലെ കടയിൽ 35,000 രൂപക്കാണ് വാച്ച് വിറ്റത്. വാച്ച് വാങ്ങിയ വ്യാപാരി പ്രതിയെ തിരിച്ചറിഞ്ഞു. ഇതോടെയാണ് ദന്പതികളെ പ്രതി ചേർത്തത്. സിസിടിവിയുടെ വയർ മുറിച്ചായിരുന്നു കവർച്ച.
കാഞ്ഞിരപ്പൊയിലിലെ വാടക വീട്ടിലായിരുന്നു പ്രതികൾ താമസിച്ചിരുന്നത്. ഹൊസ്ദുർഗ് സബ് ഇൻസ്പെക്ടർ സി പി ജിജേഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ അജയകുമാർ, രഞ്ജിത്ത് കൊല്ലിക്കാൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സനീഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർ അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
No comments